കേരളം

kerala

ETV Bharat / sports

ആ കണ്ണീർ പകരം വീട്ടലാണ്, സുവാരസിന്‍റെ ഒരായിരം കിരീടങ്ങളുടെ വിലയുള്ള കണ്ണീർ

വിജയത്തിലും കിരീട നേട്ടത്തിലും മതിമറക്കാതെ, ബാഴ്‌സയില്‍ നിന്ന് പുറത്തുപോകുമ്പോൾ ഒപ്പം നിന്ന കുടുംബത്തെ ഫോണില്‍ വിളിച്ച് കരയുന്ന സുവാരസ് എന്നും മനോഹര ഫുട്‌ബോളിന്‍റെ സുന്ദര കാഴ്‌ചയാണ്.

Atletico Madrid star Luis Suarez as emotional after winning  LaLiga
ലൂ്യി സുവാരസ്

By

Published : May 23, 2021, 8:20 AM IST

എട്ട് മാസങ്ങൾക്ക് മുൻപ് കണ്ണീർ പൊഴിക്കാതെ നൗകാമ്പ് വിട്ട ലൂയി സുവാരസല്ല ഇത്, ഇന്നയാൾ കരഞ്ഞു.... മനസിലെ സന്തോഷം കണ്ണീരായി സ്‌പെയിനിലെ വല്ലാഡോളിഡ് ക്ലബിന്‍റെ ജോസ് സോറില്ല സ്റ്റേഡിയത്തില്‍ വീണു. അതൊരു മധുര പ്രതികാരം കൂടിയായിരുന്നു, അതും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ ക്ലബായ ബാഴ്‌സലോണയോട്. നീണ്ട ആറ് വർഷം ബാഴ്‌സയുടെ മുന്നേറ്റ നിരയില്‍ തിളങ്ങി നിന്ന സുവാരസിനെ ഒഴിവാക്കിയ ബാഴ്‌സയോടുള്ള മധുരപ്രതികാരം. തുടർച്ചയായ രണ്ടാം വർഷവും ലാലിഗ കിരീടമില്ലാതെ ബാഴ്‌സലോണ സീസൺ അവസാനിപ്പിക്കുമ്പോൾ മോശം പ്രകടനത്തിന്‍റെയും പ്രായക്കൂടുതലിന്‍റെയും പേരില്‍ എട്ട് മാസം മുൻപ് ബാഴ്‌സയില്‍ നിന്ന് പുറത്തായ സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ലാലിഗ കിരീടത്തില്‍ ഇന്നലെ മുത്തമിട്ടു. ലാലിഗയുടെ കിരീട നേട്ടത്തില്‍ കാലവും ചരിത്രവും ഇനി സുവാരസിനൊപ്പം...

താരശോഭയില്‍ സുവാരസ്

എട്ട്മാസം മുൻപ് ബാഴ്‌സയില്‍ നിന്ന് പുറത്തായ സുവാരസിന്‍റെ ഗോളടി മികവിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് മനസിലാക്കിയ അത്‌ലറ്റിക്കോ പരിശീലകൻ ഡിഗോ സിമിയോണി സൂപ്പർ താരത്തെ ടീമിന്‍റെ മുന്നേറ്റ നിരയില്‍ ഉൾപ്പെടുത്തി. ഒടുവില്‍ അതിനുള്ള പ്രതിഫലവും ഇന്ന് പുലർച്ചെ ഫുട്ബോൾ ലോകം കണ്ടു. റയല്‍ മാഡ്രിഡിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗയില്‍ കിരീടം സ്വന്തമാക്കി. ബാഴ്‌സലോണയ്ക്ക് മൂന്നാം സ്ഥാനം മാത്രം. ശരിക്കും സുവാരസിന്‍റെ മധുരപ്രതികാരം.. ഏഴ് വർഷങ്ങൾക്ക് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടം സ്വന്തമാക്കുമ്പോൾ അത് പരിശീലകൻ സിമിയോണിക്കൊപ്പം സുവാരസിന്‍റെ കൂടി മികവാണെന്ന് പറയേണ്ടി വരും. ലീഗിലെ അവസാന മത്സരത്തില്‍ വല്ലാഡോളിന് എതിരെ വിജയം അനിവാര്യമായിരുന്ന അത്‌ലറ്റിക്കോ ആദ്യം ഒരു ഗോളിന് പിന്നിലായിരുന്നു. ഒടുവില്‍ (2-1)ന് ജയം സ്വന്തമാക്കുമ്പോൾ അത്‌ലറ്റിക്കോയുടെ വിജയഗോൾ നേടിയതും സുവാരസ് തന്നെ.

21 ഗോളുകളാണ് ഈ സീസണില്‍ സുവാരസ് ലാലിഗയില്‍ അടിച്ചു കൂട്ടിയത്. ഗോളടിക്കാൻ അറിയില്ലെന്നും പ്രായക്കൂടുതല്‍ ഉണ്ടെന്നും പറഞ്ഞ് ബാഴ്‌സ ഉപേക്ഷിച്ച സുവാരസ് ഇപ്പോൾ ചിരിക്കുന്നുണ്ടാകും. പക്ഷേ ഇന്ന് പുലർച്ചെ വല്ലാഡോളിഡിന് എതിരായ മത്സരം ജയിച്ച് കിരീടം സ്വന്തമാക്കിയ ശേഷം മൈതാനത്ത് ഇരുന്ന് കരഞ്ഞ സുവാരസ് ശരിക്കും ചിരിക്കുകയായിരുന്നു. വിജയത്തിലും കിരീട നേട്ടത്തിലും മതിമറക്കാതെ, ബാഴ്‌സയില്‍ നിന്ന് പുറത്തുപോകുമ്പോൾ ഒപ്പം നിന്ന കുടുംബത്തെ ഫോണില്‍ വിളിച്ച് കരയുന്ന സുവാരസ് എന്നും മനോഹര ഫുട്‌ബോളിന്‍റെ സുന്ദര കാഴ്‌ചയാണ്.

ABOUT THE AUTHOR

...view details