ഹൈദരാബാദ്:ഐഎസ്എല്ലില്‍ ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോൾ നേടിയ എടികെ ഇതേവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചല്‍ എടികെ ലീഗില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും. നോർത്ത് ഈസ്റ്റിന്‍റെ ഹോം ഗ്രൗണ്ടില്‍ രാത്രി ഏഴരക്കാണ് മത്സരം.
തോല്‍വി അറിയാതെ നോര്‍ത്ത് ഈസ്റ്റ്; ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ എടികെ
ഇന്നത്തെ മത്സരം ജയിച്ചാല്‍ എടികെ ഐഎസ്എല്ലിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും. അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിലെ ഈ സീസണില്‍ ഇതേവരെ പരാജയം അറിഞ്ഞിട്ടില്ല
ലീഗില്‍ ഗോൾ വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് എടികെ. ആറ് മത്സരങ്ങളില്‍ നിന്നും 12 ഗോളുകളാണ് സന്ദർശകരുടെ സമ്പാദ്യം. നാല് ഗോൾ അടിച്ച റോയ് കൃഷ്ണയും മൂന്ന് ഗോൾ വീതം അടിച്ച മാർട്ടിനിയും വില്യംസും ചേർന്ന മുന്നേറ്റ നിര വിജയം ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ അന്‍റോണിയോ ലോപ്പസ് ഹബാസ്. സീസണിന്‍റെ ആദ്യ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിനോട് മാത്രമാണ് കൊല്‍ക്കത്ത പരാജയപെട്ടത്. ശക്തമായ പ്രതിരോധം തീർക്കാനും നോർത്ത് ഈസ്റ്റിന് സാധിക്കും. അനസ് എടതൊടിക, അഗസ്റ്റിൻ ഇനിഗ്യൂസ്, പ്രീതം കൊട്ടാൾ എന്നിവർ ഉൾപ്പെട്ട പ്രതിരോധ നിര മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്.
അതേസമയം നോർത്ത് ഈസ്റ്റിന്‍റെ പ്രതിരോധ നിരയിലേക്ക് ഹീറിങ്സ് കയ് തിരിച്ചുവരുന്നത് ടീമിന് ഗുണം ചെയ്യും. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഹീറിങ്സ് സസ്പെന്‍ഷനിലായിരുന്നു. നാല് സമനിലകളും രണ്ട് ജയവും സ്വന്തമാക്കിയ നോർത്ത് ഈസ്റ്റിന്‍റെ പരിശീലകന്‍ റോബർട്ട് ജർനി ഏറെ ആത്മവിശ്വാസത്തിലാണ്. മുന്നേറ്റതാരം അസാമോ ഗ്യാന് കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍. സീസണിലെ മൂന്ന് ഹോം മത്സരങ്ങളിലും അസാമോ ഗ്യാന്‍ എതിരാളികളുടെ വല ചലിപ്പിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റാണ് ആതിഥേയരുടെ സമ്പാദ്യം.