കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണില്‍ സ്വന്തം മൈതാനത്ത് ആരാധകർക്ക് വിരുന്നൊരുക്കുകയായിരുന്നു എടികെ. ഹൈദരാബാദിനെ അഞ്ച് ഗോളുകൾക്ക് നിലംപരിശാക്കിയാണ് കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീർത്തത്. രണ്ടാം മത്സരത്തിന് പരിശീലകന്‍ അന്‍റോണിയോ ലോപ്പസ് ഹബ്ബാസിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ജയം മാത്രമായിരുന്നു ലക്ഷ്യം. ഹൈദരാബാദിനെതിരേ ആക്രമണ ഫുട്ബോൾ കളിച്ച കൊല്‍ക്കത്ത ആദ്യപകുതിയില്‍ തന്നെ കളി കൈപ്പിടിയില്‍ ഒതുക്കി.
ഹൈദരാബാദിന്‍റെ ഗോൾ വല നിറച്ച് എടികെ - ഐഎസ്എല്‍ വാർത്ത
ഐഎസ്എല്ലില്‍ ആദ്യ മത്സരത്തിന്‍ ഇറങ്ങിയ ഹൈദരാബാദിനെ എടികെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി.
![ഹൈദരാബാദിന്‍റെ ഗോൾ വല നിറച്ച് എടികെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4870267-7-4870267-1572019518643.jpg)
മുന്നേറ്റതാരം ഡേവിഡ് വില്യംസ് കൊല്‍ക്കത്തക്കായി രണ്ട് ഗോൾ നേടി. ജാവിയർ ഹെർണാണ്ടസ് നല്‍കിയ പാസ് 25-ാം മിനുട്ടില്‍ വില്യംസ് ഗോളാക്കി മാറ്റി. മിനുട്ടുകൾക്കുള്ളില്‍ കൊല്‍ക്കത്തയുടെ റോയ് കൃഷ്ണയും ഗോളടിച്ചു. മുന്നേറ്റ നിരയില്‍ വില്യംസ് നല്‍കിയ പാസ് മുതലാക്കിയാണ് കൃഷ്ണ ഗോളടിച്ചത്. 44-ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്നും ജയേഷ് റാണെ നല്‍കിയ പാസും വില്യംസ് ഗോളാക്കി മാറ്റി. ഹൈദരാബാദ് ഓഫ് സൈഡിന് ആവശ്യപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല.
രണ്ടാം പകുതിയില്‍ കൊല്‍ക്കത്തക്കായി എഡ്യൂ ഗാർസെ 88-ാം മിനുട്ടിലും 90-ാം മിനുട്ടിലും ഗോളടിച്ചതോടെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിന്‍റെ പതനം പൂർണമായി. മത്സരത്തില്‍ മൂന്ന് മഞ്ഞ കാർഡുകൾ റഫറി പുറത്തെടുത്തു. രണ്ടെണ്ണം ഹൈദരാബാദിന് ലഭിച്ചപ്പോൾ ഒരു മഞ്ഞക്കാർഡ് കൊല്‍ക്കത്തക്കെതിരെയായിരുന്നു നിലവില്‍ രണ്ട് മത്സരങ്ങളില്‍ ഒരു വിജയവുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ തന്നെ പരാജയം രുചിച്ച ഹൈദരാബാദ് അവസാന സ്ഥാനത്തും.