ഗുവാഹത്തി: ഐഎസ്എല്‍ ഹീറോ ഓഫ് ദി മന്ത് അവാർഡ് രണ്ടാം തവണയും എടികെ താരത്തിന്. കൊല്‍ക്കത്തയുടെ മുന്നേറ്റതാരം റോയ് കൃഷ്ണക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സഹതാരം ഡേവിഡ് വില്യംസാണ് ഈ പുരസ്‌കാരത്തിന് അർഹനായത്. കൊല്‍ക്കത്തക്കായി ഫിജിയന്‍ താരം റോയ് കൃഷ്ണ കാഴ്ച്ചവെച്ച മിന്നുന്ന പ്രകടമാണ് അവാർഡിന് അർഹനാക്കിയത്. ഈ സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകളാണ് റോയി കൃഷ്ണയുടെ സമ്പാദ്യം. ഇതില്‍ മൂന്ന് ഗോളുകളും ഒരു അസിസ്റ്റും പിറന്നത് നവംബറിലാണ്. 32 വയസുള്ള ഫിജിയന്‍ താരമായ റോയിയുടെ വേരുകൾ ഇന്ത്യയിലാണ്. അന്താരാഷ്‌ട്ര ഫുട്ബോൾ കരിയറില്‍ 23 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഐഎസ്എല്‍; റോയ് കൃഷ്ണ നവംബറിലെ ഹിറോ - ATK news
ഐഎസ്എല്‍ ഹീറോ ഓഫ് ദി മന്ത് അവാർഡ് എടികെയുടെ മുന്നേറ്റതാരം റോയ് കൃഷ്ണ സ്വന്തമാക്കി. ഈ സീസണില്‍ കൊല്‍ക്കത്തയുടെ രണ്ടാമത്തെ താരമാണ് പുരസ്‌കാരം സ്വന്തമാക്കുന്നത്.
പുരസ്കാരത്തിനായി ജംഷഡ്പൂർ എഫ്സിയുടെ സർജിയോ കാസ്‌റ്റലിനോടായിരുന്നു കൃഷണയുടെ മത്സരം. ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളുമായി കാസ്‌റ്റല്‍ തൊട്ടുപിന്നിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഒഡീഷ എഫ്സിയുടെ ആരിഡാനെ സന്‍ഡാനക്ക് ഏഴ് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകളാണ് ഉള്ളത്.
നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 11 പോയന്‍റുമായി എടികെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ കൊല്‍ക്കത്ത ജയിച്ചപ്പോൾ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങി. ലീഗിലെ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്സിനോട് മാത്രമാണ് കൊല്‍ക്കത്ത പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ നോർത്ത് ഈസ്‌റ്റിന് എതിരെ നടന്ന മത്സരത്തില്‍ റോയി കൃഷ്ണ ഇരട്ട ഗോൾ നേടിയിരുന്നു. 35-ാം മിനിട്ടിലും അധികസമയത്തെ നാലാം മിനിട്ടിലുമാണ് റോയ് നോർത്ത് ഈസ്‌റ്റിന്‍റെ വല ചലിപ്പിച്ചത്. 11-ാം മിനിട്ടില്‍ ഡേവിഡ് വില്യംസാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. മത്സരം മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കൊല്‍ക്കത്ത വിജയിച്ചു.