പനാജി:ഐഎസ്‌എല്‍ ചരിത്രത്തിലെ പ്രഥമ കൊല്‍ക്കത്ത ഡര്‍ബിയില്‍ എടികെ മോഹന്‍ബഗാന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എടികെ ജയം സ്വന്തമാക്കിയത്. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 49ാം മിനിട്ടില്‍ ഫിജിയന്‍ മുന്നേറ്റ താരം റോയ് കൃഷ്‌ണയും 85ാം മിനിട്ടില്‍ മന്‍വീര്‍ സിങ്ങും എടികെക്ക് വേണ്ടി വല കുലുക്കി.
കൊല്‍ക്കത്ത ഡര്‍ബിയില്‍ ജയിച്ച് കയറി എടികെ മോഹന്‍ബഗാന്‍ - isl today news
ഐഎസ്‌എല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്
പെനാല്‍ട്ടി ബോക്സിന് പുറത്ത് നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് റോയ് കൃഷ്‌ണ ഗോള്‍ സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നാല് മിനിട്ട് മാത്രം ബാക്കി നില്‍ക്കെയാണ് ഡേവിഡ് വില്യംസിന് പകരക്കാരനായി ഇറങ്ങിയ മന്‍വീര്‍ സിങ് ഈസ്റ്റ് ബംഗാളിന്‍റെ വല രണ്ടാമതും ചലിപ്പിച്ചത്. കളത്തിലിറങ്ങി 21 മിനിട്ടുകള്‍ക്കുള്ളിലായിരുന്നു പഞ്ചാബില്‍ നിന്നുള്ള ദേശീയ താരം എടികെക്ക് വേണ്ടി വല ചലിപ്പിച്ചത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ എടികെ ഒന്നാമതെത്തി. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ച നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ആറ് പോയിന്‍റാണുള്ളത്. എടികെ മോഹന്‍ബഗാന്‍ ലീഗിലെ അടുത്ത മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ നേരിടും. അടുത്ത മാസം മൂന്നിന് രാത്രി 7.30നാണ് പോരാട്ടം. അടുത്ത മാസം ഒന്നാം തീയ്യതി രാത്രി 7.30ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് ഈസ്റ്റ് ബംഗാളിന്‍റെ എതിരാളികള്‍.