പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് എടികെ മോഹന്‍ബഗാന്‍, ഹൈദരാബാദ് പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയോട് പരാജയം ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ എടികെ ഇത്തവണ ക്ഷീണം മാറ്റാനാണ് ഇറങ്ങുന്നത്.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജംഷഡ്‌പൂരിന് എതിരായ പരാജയം. ലീഗില്‍ ഹാട്രിക് ജയം സ്വന്തമാക്കിയ ശേഷമാണ് എടികെ അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങിയത്. പ്രതിരോധത്തിലെ പിഴവുകളാണ് എടികെക്ക് വിനയായത്. ഇക്കാര്യം പരിശീലകന്‍ അന്‍റോണിയോ ഹെബ്ബാസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സന്ദേശ് ജിങ്കന്‍റ നേതൃത്വത്തില്‍ പ്രതിരോധത്തിലെ വിള്ളലുകള്‍ ഇല്ലാതാക്കാമെന്ന പ്രതീക്ഷയിലാണ് ടീം അംഗങ്ങള്‍.
ലീഗില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ഗോളടിച്ച മുന്നേറ്റ താരം റോയ് കൃഷണയിലാണ് ഇത്തവണയും എടികെയുടെ പ്രതീക്ഷ. നാല് മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകളാണ് ഫിജിയന്‍ താരം അടിച്ച് കൂട്ടിയത്. മറുഭാഗത്ത് അഡ്രിയാനെ സാന്‍റെയാണ് ഹൈദരാബാദിന്‍റെ മുന്നേറ്റത്തെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകളാണ് സാന്‍റയുടെ പേരിലുള്ളത്. ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ഹൈദരാബാദിനെ വലക്കുന്നത് പോരാട്ട വീര്യം കുറയുന്നതാണ്. ബംഗളൂരു എഫ്‌സിയെ ഗോള്‍ രഹിത സമനിലയില്‍ തളക്കാന്‍ സാധിച്ച ഹൈദരാബാദിന് പക്ഷേ ജംഷഡ്‌പൂര്‍ എഫ്‌സിക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷം സമനില ഗോള്‍ വഴങ്ങേണ്ടി വന്നു. രണ്ടാം പകുതിയില്‍ അഡ്രിയാനെ സാന്‍റയിലൂടെ ലീഡ് പിടിച്ച ലീഡ് സ്വന്തമാക്കിയ ഹൈദരാബാദിനെതിരെ നിശ്ചിത സമയത്ത് കളിയ അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ സ്റ്റീഫന്‍ എസെയാണ് സമനില പിടിച്ചത്.
നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാന്‍ ഒമ്പത് പോയിന്‍റുമായി ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഹൈദരാബാദ് എഫ്‌സി മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമാണ് ഹൈദരാബാദിനുള്ളത്. മത്സരം ഇന്ന് രാത്രി 7.30ന് ഗോവയിലെ ഫത്തോര്‍ഡാ സ്റ്റേഡിയത്തില്‍ നടക്കും.