ലണ്ടന്‍: യൂറോപ്യന്‍ സൂപ്പര്‍ ലീഗ് വിഷയത്തില്‍ ആരാധകരുടെ പ്രതിഷേധത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് വന്‍കിട ക്ലബ്ബുകള്‍. ഇതിനിടെ വിവിധ ക്ലബ്ബുകള്‍ മാപ്പ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിഷയത്തില്‍ മാപ്പ് പറഞ്ഞു. ചെയര്‍മാന്‍ ജോ ഗ്ലേസറുടെ പേരില്‍ മാപ്പ് പറഞ്ഞുകൊണ്ടുള്ള തുറന്ന കത്ത് യുണൈറ്റഡ് പുറത്തുവിട്ടു. ആരാധകരാണ് ക്ലബ്ബിന്‍റെ ശക്തിയെന്നും അവരുടെ വിശ്വാസം നിലനിര്‍ത്തിയേ മുന്നോട്ടുപോകാന്‍ സാധിക്കൂവെന്നും കത്തില്‍ പറയുന്നു.
ഒടുവില്‍ യുണൈറ്റഡ് മാപ്പ് പറഞ്ഞു ; ആരാധകരാണ് വലുതെന്ന് ചെയര്‍മാന്‍ - united apologises news
യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഭാഗമാകാനുള്ള തീരുമാനം തെറ്റായിപ്പോയെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെയര്‍മാന്‍ ജോ ഗ്ലേസര്‍
യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഭാഗമായതിനെ തുടര്‍ന്ന് യുണൈറ്റഡ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഗ്ലേസര്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സൂപ്പര്‍ ലീഗ് വിഷയത്തില്‍ ഓള്‍ഡ് ട്രാഫോഡിന് മുന്നില്‍ ആരാധകര്‍ വലിയ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. ഇത് പിന്നീട് സാമൂഹ്യമാധ്യമങ്ങളിലേക്കും വ്യാപിച്ചു.
പിന്നാലെ യൂണൈറ്റഡ് ഉള്‍പ്പെടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ആറ് ക്ലബ്ബുകള്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ സംഭവത്തില്‍ യുണൈറ്റഡ് തുറന്ന മാപ്പ് പറച്ചില്‍ നടത്താത്തതില്‍ വന്‍തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണിപ്പോള്‍ ജോ ഗ്ലേസര്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.