ലണ്ടന്‍: പുതിയ പരിശീലകന്‍ മൈക്കല്‍ അർട്ടേട്ടയുടെ കീഴില്‍ ആദ്യ ജയവുമായി ആഴ്‌സണല്‍. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. മത്സരം തുടങ്ങി എട്ടാം മിനുട്ടില്‍ മുന്നേറ്റതാരം നിക്കോളാസ് പെപ്പെയാണ് സന്ദർശകരുടെ വല ആദ്യം കുലുക്കിയത്. 42-ാം മിനുട്ടില്‍ പ്രതിരോധ താരം സോക്രട്ടീസിലൂടെ ഗണ്ണേഴ്‌സ് ലീഡ് ഉയർത്തി.
യുണൈറ്റഡിന് എതിരായ ജയം ആഴ്‌സണലിന്‍റ പുതിയ പരിശീലകന്‍ അർട്ടേട്ടക്കും ആരാധകർക്കും ആശ്വാസമേകുന്നതാണ്. ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റുമായി ആഴ്‌സണല്‍ 10-ാം സ്ഥാനത്താണ്. ലീഗിലെ തുടർച്ചയായ 16 മത്സരങ്ങളില്‍ നിന്നുള്ള രണ്ടാമത്തെ വിജയമാണ് ഇത്. ടീമിന്‍റെ വിജയത്തില്‍ സംതൃപ്‌തനാണെന്ന് മത്സരശേഷം പരിശീലകന്‍ അർട്ടേട്ട പറഞ്ഞു. യുണൈറ്റഡിനെതിരായ മത്സരത്തില്‍ മൈതാനത്ത് നിന്നും വേണ്ടതെല്ലാം ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ടീം മാറ്റങ്ങൾക്ക് തയ്യാറാണെന്ന് ആഴ്‌സണലിന്‍റെ പ്രതിരോധ താരം ഡേവിഡ് ലൂയിസും പറഞ്ഞു.