കോപ്പ അമേരിക്ക ഫുട്ബോളിൽ ലാറ്റിൻ അമേരിക്കൻ ശക്തികളായ അർജന്‍റീനയെ തകർത്ത് കൊളംബിയ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലയണൽ മെസിയെയും സംഘത്തിനെയും കൊളംബിയ തകർത്തത്.
കോപ്പയില്‍ അർജന്‍റീനയെ ഞെട്ടിച്ച് കൊളംബിയൻ ജയം - ലയണൽ മെസി
ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് കൊളംബിയക്ക് വിജയമൊരുക്കിയത്.
കളിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിച്ചു തുടങ്ങിയ അർജന്‍റീന മത്സരത്തിൽ ആധിപത്യം പുലർത്തുമെന്ന് കരുതിയെങ്കിലും പിന്നീട് കൊളംബിയ മത്സരം വരുതിലാക്കുകയായിരുന്നു. ആക്രമണത്തിന് ഊന്നൽ കൊടുത്ത് കളിച്ച കൊളംബിയയെ മെരുക്കാൻ അർജന്‍റീന വിഷമിച്ചു. എന്നാൽ കൊളംബിയക്ക് തിരിച്ചടിയായി 14-ാം മിനിറ്റിൽ ലൂയിസ് മൂരിയലിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നു. ആദ്യ പകുതിയിൽ ഫിസിക്കൽ അറ്റാക്കിംഗ് ഗെയിം തന്ത്രമാണ് ഇരുടീമും പരീക്ഷിച്ചത്. അതിൽ കൊളംബിയ മുന്നിട്ട് നിൽക്കുകയും ചെയ്തു. പാസിംഗിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാര്‍ലോസ് കുരോസിന്‍റെ ടീം മുന്നിട്ടു നിന്നു.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഇരുടീമും ജയം ലക്ഷ്യമാക്കിയാണ് ഇറങ്ങിയത്. ഏയ്ഞ്ചൽ ഡി മരിയയെ പിൻവലിച്ച് റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി പരിശീലകൻ ലിയണൽ സ്കലോണി തന്ത്രം മെനഞ്ഞു. ആദ്യ പകുതിയിൽ നിന്നും വ്യത്യസ്തമായി അർജന്‍റീന കൊളംബിയൻ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. എന്നാൽ 71-ാം മിനിറ്റിൽ മെസിക്കും ടീമിനും ആദ്യ തിരിച്ചടി നൽകി കൊളംബിയ മുന്നിലെത്തി. ജെയിംസ് റോഡ്രിഗസിന്‍റെ പാസിൽ നിന്നും റോജര്‍ മാര്‍ട്ടിനസാണ് ഗോൾ നേടിയത്. പിന്നാലെ 86-ാം മിനിറ്റിൽ ഡുവാന്‍ സപാട്ട കൊളംബിയയുടെ രണ്ടാം ഗോളും നേടി ടീമിന്‍റെ ജയം ഉറപ്പിച്ചു. മികച്ച മുന്നേറ്റ നിരയുണ്ടെങ്കിലും ശരാശരി പ്രകടനം മാത്രം കാഴ്ച്ചവെക്കുന്നതാണ് അർജന്‍റീനക്ക് തിരിച്ചടിയായത്. തോൽവി വഴങ്ങിയെങ്കിലും അടുത്ത മത്സരങ്ങളിൽ ജയിച്ച് ക്വാർട്ടറിൽ കടക്കാമെന്ന പ്രതീക്ഷയിലാണ് അർജന്‍റീന.