റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ച് അർജന്‍റീന സെമിയില്‍ കടന്നു. സെമി ഫൈനലില്‍ ചിരവൈരികളായ ബ്രസീലാണ് അർജന്‍റീനയുടെ എതിരാളികൾ. കോപ്പ അമേരിക്കയില്‍ ആരാധകർ കാത്തിരുന്ന സെമിപോരാട്ടമാണിത്.
വെനസ്വേല ക്വാർട്ടറില്‍ പുറത്ത്; ഇനി അർജന്‍റീന - ബ്രസീല്‍ സ്വപ്ന സെമിഫൈനല്‍ - കോപ്പ അമേരിക്ക
വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ച് അർജന്‍റീന. സെമി ഫൈനലില്‍ അർജന്‍റീന - ബ്രസീല്‍ സ്വപ്നപോരാട്ടം
അർജന്‍റീന - വെനസ്വേല മത്സരം ഒട്ടും ഏകപക്ഷീയമായിരുന്നില്ല. മികച്ച പാസുകൾ നല്‍കിയും പന്ത് കൈവശം വയ്ക്കുന്നതിലും വെനസ്വേലയായിരുന്നു മുന്നില്‍. എന്നാല്‍ ഷോട്ട് തീർക്കുന്നതിലും പന്ത് ലക്ഷ്യത്തിലെക്കുന്നതിലും കാട്ടിയ മികവാണ് അർജന്‍റീനയ്ക്ക് ജയം സമ്മാനിച്ചത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച അർജന്‍റീന പത്താം മിനിറ്റില്‍ ആദ്യ ഗോൾ നേടി. മെസിയെടുത്ത കോർണർ കിക്ക് അഗ്യുറോയുടെ അസിസ്റ്റില്‍ ലൗടാറൊ മാർട്ടിനസ് ഗോൾ വല ചലിപ്പിക്കുകയായിരുന്നു. രണ്ടാം ഗോൾ പിറക്കാൻ കളിയുടെ 74ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. വെനസ്വേല ഗോൾ കീപ്പറുടെ പിഴവ് അർജന്‍റീന മുതലെടുക്കുകയായിരുന്നു. അഗ്വേറോയുടെ ഷോട്ട് പിടിക്കുന്നതില്‍ ഗോൾകീപ്പർ പരാജയപ്പെടുകയും ഓടിവന്ന ലോ ചെല്‍സോ ഗോൾ നേടുകയുമായിരുന്നു. മെസിയുടെ മികവിലല്ലാതെ അർജന്‍റീന ജയിച്ചു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് കോപ്പ അമേരിക്കയില്‍ ബ്രസീലും അർജന്‍റീനയും നേർക്കുന്നേർ വരുന്നത്. വെനസ്വേലയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെസിയും സംഘവും പരാജയപ്പെട്ടത്. കോപ്പയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 14 മത്സരങ്ങളില്‍ അർജന്‍റീനയും എട്ട് മത്സരങ്ങളില്‍ ബ്രസീലും ജയിച്ചു. ജൂലൈ മൂന്നിനാണ് ബ്രസീല്‍ - അർജന്‍റീന സെമി പോരാട്ടം.