കേരളം

kerala

ETV Bharat / sports

കോപ്പയില്‍ ആശങ്ക; ബ്രസീലില്‍ പ്രതിഷേധം പുകയുന്നു

കോപ്പ അമേരിക്ക പോരാട്ടങ്ങള്‍ അവസാന നിമിഷം രാജ്യത്തേക്ക് എത്തിച്ച പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോക്കെതിരെ ബ്രസീലില്‍ പ്രതിഷേധം ശക്തമാകുന്നു.

copa and brazil news  copa america updte  കോപ്പയും ബ്രസീലും വാര്‍ത്ത  കോപ്പ അമേരിക്ക അപ്പ്‌ഡേറ്റ്
കോപ്പ അമേരിക്ക

By

Published : Jun 5, 2021, 5:59 PM IST

റിയോ ഡിജനീറോ:കോപ്പാക്കെതിരെ ബ്രസീലില്‍ പ്രതിഷേധം പുകയുന്നു. കൊവിഡ് പശ്ചാത്തലത്തിലും അവസാന നിമിഷം കോപ്പ അമേരിക്ക പോരാട്ടങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയാറായ ബ്രസീലിയന്‍ സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഉള്‍പ്പെടെ നടക്കാനിരിക്കുന്ന റിയോ ഡി ജനീറോയില്‍ മേയര്‍ ഉള്‍പ്പെടെ ടൂര്‍മെന്‍റ് നടത്തുന്നതിന് എതിരാണ്. ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ അനുകൂല സമയമല്ലിതെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. കോപ്പ അമേരിക്കയേക്കാള്‍ രാജ്യത്ത് വാക്‌സിനാണ് വേണ്ടതെന്ന അഭിപ്രായമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്.

കൊവിഡ് മരണങ്ങളുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. രോഗ വ്യാപനത്തിന്‍റെ കാര്യത്തില്‍ മൂന്നാമതും. ഈ സാഹചര്യത്തിലും ലാറ്റിനമേരിക്കയിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം തയാറെടുക്കുന്നതിന് എതിരെയാണ് പ്രതിഷേധം. 470,968 പേര്‍ ഇതിനകം ബ്രസീലില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. 16,841,954 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സാധാരണക്കാരായ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ട സാഹചര്യത്തില്‍ പോലും വമ്പന്‍ ടൂര്‍ണമെന്‍റിന് ഒരുങ്ങുകയാണ് ബ്രസീല്‍. ബ്രസീലിയന്‍ ദേശീയ ടീമിന് ഉള്ളില്‍ പോലും ഇതിനെതിരായ വികാരം ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്ന പ്രതികരണത്തിന് സമയമായിട്ടില്ലെന്ന നിലപാടിലാണ് ടീം അംഗങ്ങള്‍. ഒരാഴ്‌ചക്ക് ശേഷം ഇക്കാര്യത്തില്‍ ടീം പ്രതികരിക്കുമെന്ന് നായകന്‍ കാസെമിറോ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

കോപ്പ അമേരിക്ക.
ബ്രസീലിലെ കൊവിഡ് നയങ്ങള്‍ക്കെതിരായ പ്രതിഷേധം.

കോപ്പ അമേരിക്കക്ക് ആതിഥേയത്വം വഹിക്കാന്‍ ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോയാണ് തീരുമാനം എടുത്തത്. രാജ്യത്തെ അടിയന്തര സാഹചര്യം അഗവണിച്ച് കൊണ്ടായിരുന്നു തീരുമാനം. ജനസാന്ദ്രമായ റിയോ ഡിജനീറോയില്‍ ഉള്‍പ്പെടെ രോഗവ്യാപനം തുടരുമ്പോഴും കൊവിഡിനെതിരെ ഉദാസീനമായ നിലപാടാണ് ബോള്‍സൊനാരോ സ്വീകരിച്ചത്.

ലാറ്റിനമേരിക്കയിലെ 10 ടീമുകള്‍ മാറ്റുരക്കുന്ന കോപ്പ അമേരിക്ക പോരാട്ടങ്ങള്‍ ജൂണ്‍ 14ന് ആരംഭിക്കും. ബ്രസീലും വെനസ്വേലയും തമ്മിലാണ് ഉദ്‌ഘാടന മത്സരം. അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍. ലോകപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ ഫൈനല്‍ പോരാട്ടം ജൂലൈ 11ന് നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട വേദികളിലാണ് മത്സരങ്ങള്‍.

ABOUT THE AUTHOR

...view details