മാഡ്രിഡ്:അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ സ്‌പെയിന് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അന്‍സു ഫാതി. യുവേഫ നേഷന്‍സ് ലീഗില്‍ യുക്രെയിന് എതിരെ മാഡ്രിഡില്‍ നടന്ന മത്സരത്തിലാണ് അന്‍സു ഫാതിയുടെ ആദ്യ അന്താരാഷ്‌ട്ര ഗോള്‍ പിറന്നത്. 32ാം മിനിട്ടില്‍ യുക്രയിന്‍റെ പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച പന്ത് വെടുയണ്ട കണക്കെ ഫാതി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ നേടുമ്പോള്‍ 17 വയസും 311 ദിവസും മാത്രമായിരുന്നു ആന്‍സു ഫാതിയുടെ പ്രായം.
വരവറിയിച്ച് അന്‍സു ഫാതി; യുക്രെയിനെ തറപറ്റിച്ച് സ്‌പെയിന്‍
അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ സ്‌പെയിന് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഗിനിയന്‍ വംശജനായ അന്‍സു ഫാതി സ്വന്തം പേരില്‍ കുറിച്ചത്.
ക്ലബ് ഫുട്‌ബോളില്‍ ഇതിനകം കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണക്കായി അരങ്ങേറ്റം കുറിച്ച അന്‍സു ഫാതി ഇതിനകം റെക്കോഡുകള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. ലാലിഗയുടെ ചരിത്രത്തില്‍ ഇരട്ട ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമാണ് അന്‍സു ഫാതി. ലാലിഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും അദ്ദേഹത്തിന്‍റെ പേരിലാണ്. 16 വയസും 318 ദിവസവും പ്രായമുള്ളപ്പോഴായിരുന്നും ഗിനിയന്‍ വംശജനായ സ്‌പാനിഷ് താരം ലാലിഗയില്‍ വല ചലിപ്പിച്ചത്.
മത്സരത്തില്‍ മറ്റൊരു നേട്ടത്തിന് കൂടി ഫുട്‌ബോൾ ആരാധകര്‍ സാക്ഷിയായി. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന പ്രതിരോധ താരമെന്ന റെക്കോഡ് സ്‌പാനിഷ് നായകൻ സെര്‍ജിയോ റാമോസ് സ്വന്തമാക്കി. യുക്രെയിനെതിരെ ഇരട്ട ഗോളുകളുമായാണ് റാമോസ് തിളങ്ങിയത്. ഇതോടെ സ്‌പെയിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ഗോള്‍ സമ്പാദ്യം 23 ആയി ഉയര്‍ന്നു. ആദ്യ പകുതിയുടെ മൂന്നാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു ആദ്യ ഗോള്‍ പിന്നാലെ 29-ാം മിനിട്ടില്‍ റാമോസ് അടുത്ത വെടി പൊട്ടിച്ചു. ഫെറാന്‍ ടോറെസായിരുന്നു സ്‌പെയിന്‍റെ ഗോള്‍ പട്ടിക തികച്ചത്. മത്സരത്തില്‍ യുക്രെയിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തത്.