ന്യൂകാമ്പ്; ചിലപ്പോഴൊക്കെ ഫുട്ബോൾ അങ്ങനെയാണ്. അറിയപ്പെടാത്ത ദേശങ്ങളില്‍ നിന്ന് ഹൃദയത്തില്‍ കാല്‍പ്പന്തുമായി ചിലർ വരും. വേദനകൾ മറന്ന് കാല്‍പ്പന്തിന്‍റെ മായാജാലം കെട്ടഴിച്ചുവിടുമ്പോൾ ലോകം അവനെ ആരാധിക്കും. ഫുട്ബോൾ ദൈവങ്ങൾ അവിടെ അവതരിക്കും. ലോകം കാത്തിരുന്ന ആ താരോദയത്തിന് കഴിഞ്ഞ ദിവസം സ്പാനിഷ് ലാലിഗ സാക്ഷിയായി. പതിനാറ് വയസ് മാത്രമുള്ള അൻസു ഫാതിയെന്ന ഗിനിയൻ വംശജൻ സൂപ്പർ താരങ്ങൾക്ക് മാത്രം പ്രവേശനമുള്ള ബാഴ്സലോണയുടെ കുപ്പായത്തില്‍ അരങ്ങേറി.
ശനിയാഴ്ച രാത്രി വലൻസിയയ്ക്ക് എതിരായ മത്സരത്തിന്‍റെ അറുപതാം മിനിട്ടില്‍ അൻസു ഫാതിയെ തിരിച്ചുവിളിക്കുമ്പോൾ ലോകപ്രശസ്തമായ ന്യൂകാമ്പിന്‍റെ ഗാലറി ആ കുഞ്ഞു മാന്ത്രികന് ആദരവുമായി എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ബാഴ്സ്ക്ക് വേണ്ടി ശനിയാഴ്ച, മനോഹരമായ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത പതിനാറുകാരൻ ലോക ഫുട്ബോളിലേക്ക് കടന്നുവരുന്നത് ഫുട്ബോളിനെ ഹൃദയത്തിലേറ്റിയാണ്. ലാലിഗയില്‍ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പദവിയിലേക്കു കൂടിയാണ് അൻസു ഓടിക്കയറിയത്. മെസിയും സുവാരസും പിക്വയും ബുസ്ക്കെറ്റ്സും എല്ലാം നിറയുന്ന ലോക പ്രതിഭകൾക്ക് ഒപ്പം പ്രായത്തിന്‍റെ പരിഭവമില്ലാതെ അവൻ കളം നിറഞ്ഞു.