ലിവര്‍പൂള്‍: ക്രിസ്‌മസ് പുതുവത്സര ഇടവേളയില്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആഘോഷത്തിന്‍റെ മാലപ്പടക്കത്തിന് തിരികൊളുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇംഗ്ലീഷ് ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 10ന് നടക്കുന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ വെസ്റ്റ് ബ്രോമാണ് യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ക്ക് എതിരാളികള്‍. ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായി 66 മത്സരങ്ങള്‍ ജയിച്ച ചെമ്പടക്ക് ദുര്‍ബലരായ വെസ്റ്റ് ബ്രോമിനെ നിലംപരിശാക്കാന്‍ വേണ്ടുവോളം ആത്മവിശ്വാസമുണ്ട്.
എന്നാല്‍ കരുതി കളിക്കാനാണ് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ തീരുമാനം. തന്ത്രപരമായ കളി പുറത്തെടുക്കുന്ന ടീമാണ് വെസ്റ്റ് ബ്രോമെന്നായിരുന്നു പ്രീ മാച്ച് സെഷനില്‍ ക്ലോപ്പിന്‍റെ പ്രതികരണം. 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ചെമ്പട കലണ്ടര്‍ വര്‍ഷത്തെ അവസാനത്തെ ഹോം ഗ്രൗണ്ട് മത്സരത്തില്‍ ഉജ്ജ്വല വിജയമാണ് ലക്ഷ്യമിടുന്നത്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ മുന്‍നിര താരങ്ങളില്‍ പലരുടെയും അഭാവത്തില്‍ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.