ബെർലിന്‍: ജോർജ് ഫ്ലോയിഡിന് നീതി ആവശ്യപെട്ട് അമേരിക്കന്‍ ദേശീയ ഫുട്‌ബോൾ ടീമിലെ താരങ്ങളും. ജർമന്‍ ബുണ്ടസ് ലീഗയില്‍ കളിക്കുന്ന അമേരിക്കന്‍ ഫുട്‌ബോൾ താരങ്ങളായ സാക് സ്റ്റീഫന്‍, ടൈലർ ആദംസ് എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കന്‍ പൊലീസിന്‍റെ ക്രൂരതക്ക് ഇരയായി മരിച്ച എല്ലാ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജർക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും എല്ലാ മതിയായെന്നും ഗോൾ കീപ്പർ സാക് സ്റ്റീഫന്‍ പറഞ്ഞു.
സാക് സ്റ്റീഫന്‍റെ വാക്കുകൾ. അഭിമാനത്തോടെയാണ് അമേരിക്കന്‍ ദേശീയ ടീമിന്‍റെ ജേഴ്‌സി അണിഞ്ഞിരുന്നതെന്ന് സ്റ്റീഫന്‍ പറയുന്നു. എന്നാല്‍ തന്നെ പോലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്തെ നേതാക്കന്‍മാർക്ക് സാധിക്കുമൊ എന്നും അദ്ദേഹം ചോദിക്കുന്നു. ബുണ്ടസ് ലീഗയില്‍ ഫോർച്യൂണ ഡസ്സൽഡോർഫിന് വേണ്ടിയാണ് സ്റ്റീഫന്‍ കളിക്കുന്നത്. നിലവില്‍ പരിക്ക് കാരണം താരത്തിന് രണ്ടാഴ്‌ചയായി കളിക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം ബൂട്ടില്‍ ഫ്ലോയിഡിന് അനുകൂല സന്ദേശവുമായാണ് ടൈലർ ആദംസ് കഴിഞ്ഞ തിങ്കളാഴ്‌ച കളിക്കാന്‍ ഇറങ്ങിയത്. ഒരു കാലിലെ ബൂട്ടില്‍ 'ബ്ലാക്ക് ലൈഫ്സ് മാറ്റേഴ്‌സ്' എന്ന് എഴുതിയപ്പോൾ മറ്റേക്കാലില്‍ 'ജസ്റ്റിസ് ഫോർ ജോർജ്' എന്നും എഴുതി.
ജാഡന്‍ സാഞ്ചോ പ്രതിഷേധിക്കുന്നു (ഫയല്‍ ചിത്രം).
ജോർജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ടും ആദരം അർപ്പിച്ചും ജർമന്‍ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലീഗയില്‍ നിരവധി കളിക്കാരാണ് ഇതിനകം രംഗത്ത് വന്നത്. ഇതേ തുടർന്ന് താക്കീതുമായി ജർമന്‍ ഫുട്‌ബോൾ അസോസിയേഷനും മുന്നോട്ട് വന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാല്‍ നടപടി ഉണ്ടാകുമെന്നായിരുന്നു അസോസിയേഷന്‍റെ മുന്നറിയിപ്പ്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ഇതിനകം പുനരാരംഭിച്ച ഏക പ്രമുഖ ഫുട്‌ബോൾ ലീഗാണ് ജർമന്‍ ബുണ്ടസ് ലീഗ.
കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ കഴിഞ്ഞ ദിവസം അമേരിക്കയിലെ മിനിയപൊളിസിൽ വെച്ച് പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശ്വാസം മുട്ടുന്നതായി കറുത്തവർഗക്കാരന്‍ കേണപേക്ഷിച്ചിട്ടും പൊലീസുകാരന്‍ കാലെടുക്കാന്‍ തയാറായില്ല. ഈ സംഭവത്തിലാണ് അമേരിക്കയില്‍ ഉൾപ്പെടെ ലോകമെമ്പാടും ഇപ്പോൾ പ്രതിഷേധം ശക്തമാകുന്നത്. ഫ്ലോയിഡിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉയരുന്നത്.