സ്‌റ്റോക്ക് ഹോം: അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 100 ഗോളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പോർച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗില്‍ സ്വീഡന് എതിരായ മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോ ചരിത്രം കുറിച്ചത്. ആദ്യ പകുതിയില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫ്രീ കിക്കിലൂടെയാണ് സൂപ്പര്‍ താരം ഗോള്‍ കണ്ടെത്തിയത്. പിന്നാലെ രണ്ടാം പകുതിയുടെ 72ാം മിനിട്ടില്‍ മുന്നേറ്റ താരം ഫെലിക്‌സ് നല്‍കിയ അസിസ്റ്റ് ഗോളാക്കി മാറ്റിയ ക്രിസ്റ്റ്യാനോ തന്‍റെ നേട്ടം 101 ആയി ഉയര്‍ത്തി. ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച പന്ത് സ്വീഡിഷ് പ്രതിരോധത്തെ നിഷ്‌പ്രഭരാക്കി വെടിയുണ്ട കണക്കെ വലയിലെത്തിക്കുകയായിരുന്നു റൊണാള്‍ഡോ.
യൂറോപ്പില്‍ ആദ്യമായാണ് ഒരു താരം അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 100 ഗോളെന്ന റെക്കോഡ് മറികടക്കുന്നത്. ഇതിന് മുമ്പ് ഇറാന്‍റെ ഇതിഹാസ താരം അലി ദെ മാത്രമാണ് അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 100 ഗോളുകളെന്ന റെക്കോഡ് മറികടന്നത്. നിലവില്‍ 109 ഗോളുകളാണ് അലി ദെയുടെ അക്കൗണ്ടിലുള്ളത്. അദ്ദേഹത്തിന്‍റെ റെക്കോഡ് മറികടക്കാന്‍ റോണോക്ക് ഒമ്പത് ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ മതി. പോര്‍ച്ചുഗലിനായി 99 ഗോളുകള്‍ സ്വന്തമാക്കി ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് റൊണാള്‍ഡോ 100മത്തെ ഗോള്‍ കണ്ടെത്തുന്നത്. 165 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോയുടെ ചരിത്ര നേട്ടം.