ന്യൂഡല്‍ഹി : ശുഭ്‌മാന്‍ ഗില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്കായി കളിക്കാനാവുന്ന താരമാണെന്ന് മുന്‍ സെലക്‌ടര്‍ സാബ കരീം. ശരിയായ സാങ്കേതികത ഉപയോഗിച്ച് മൂന്ന് ഫോർമാറ്റുകളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഗില്ലിന് അതിന് കഴിയുന്നുണ്ടെന്നും കരീം പറഞ്ഞു. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ ഗില്ലിന്‍റെ പ്രകടനത്തിന് പിന്നാലെയാണ് സാബ കരീമിന്‍റെ പ്രതികരണം.
2023ലെ ഐസിസി ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറുടെ റോൾ നിർവഹിക്കാന്‍ ഗില്ലിന് കഴിയും. ഇക്കാരണത്താല്‍ തന്നെ കെഎൽ രാഹുൽ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നും കരീം അഭിപ്രായപ്പെട്ടു. 'ഈ സമയം ബാറ്റിങ് ഓര്‍ഡറില്‍ കെഎൽ രാഹുലിന്‍റെ സ്ഥാനം നാലാണ്. ഇതോടെയാണ് ശിഖർ ധവാനും ശുഭ്‌മാന്‍ ഗില്ലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്.
ഇന്ത്യയുടെ സെലക്ടർമാരും ടീം മാനേജ്‌മെന്‍റും 2023 ലോകകപ്പിനുള്ള ബാക്കപ്പ് ഓപ്പണറെ തിരയുകയാണ്. രോഹിത് ശർമയും ശിഖർ ധവാനും ഓപ്പണർമാരാവുമ്പോള്‍, ഗില്ലിന് ഒരു ബാക്കപ്പ് ഓപ്പണറുടെ റോൾ നിറവേറ്റാനാകും. ശരിയായ സാങ്കേതികത ഉപയോഗിച്ച് മൂന്ന് ഫോർമാറ്റുകളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.