മുംബൈ: ഭാര്യ ധനശ്രീ വര്‍മയുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചാഹല്‍ വേര്‍പിരിയുന്നുവെന്ന ചര്‍ച്ചയ്‌ക്ക് സോഷ്യല്‍ മീഡിയയില്‍ ചൂടേറുകയാണ്. തന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലെ പേരിനൊപ്പമുള്ള 'ചാഹല്‍' ധനശ്രീ വര്‍മ നീക്കം ചെയ്‌തതോടെയാണ് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തുകയാണെന്ന അഭ്യൂഹങ്ങള്‍ തുടങ്ങിയത്.
ഇതിന് പിന്നാലെ പുതിയ ജീവിതം ആരംഭിക്കുകയാണെന്ന് യുസ്‌വേന്ദ്ര ചാഹല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടതോടെ ആരാധകര്‍ അക്കാര്യം ഉറപ്പിക്കുകയും ചെയ്‌തു. എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വിസിക്കരുതെന്ന് വ്യക്തമാക്കി ചാഹല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു സ്‌റ്റോറിയായാണ് താരം ഇക്കാര്യം അറിയിച്ചത്.
"നിങ്ങളോട് വിനീതമായൊരു അപേക്ഷയുണ്ട്, ഞങ്ങളുടെ ബന്ധത്തെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികളിൽ വിശ്വസിക്കരുത്. ദയവു ചെയ്ത് അതവസാനിപ്പിക്കു. എല്ലാവരോടും സ്നേഹം" ചാഹല്‍ കുറിച്ചു.
അതേസമയം നേരത്തെ നിഗൂഢമായ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ധനശ്രീ മുമ്പ് പങ്കുവെച്ചിരുന്നു. "ഒരു രാജകുമാരി എപ്പോഴും അവളുടെ വേദനയെ ശക്തിയാക്കി മാറ്റും" എന്നായിരുന്നു ധനശ്രീയുടെ പോസ്റ്റ്. 2020ലാണ് മോഡലായ ധനശ്രീയെ ചാഹല്‍ വിവാഹം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവയ്‌ക്കുന്ന വീഡിയോകളും റീലുകളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.
കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനലിന് പിന്നാലെ ചാഹലിനേയും ജോസ് ബട്‌ലറേയും ഡാന്‍സ് പഠിപ്പിക്കുന്ന ധനശ്രീയുടെ വീഡിയോ വൈറലായിരുന്നു. അതേസമയം ഏഷ്യ കപ്പില്‍ ഇന്ത്യന്‍ സ്ക്വാഡിന്‍റെ ഭാഗമായ ചാഹല്‍ വൈകാതെ തന്നെ ടീമിനൊപ്പം യുഎഇയിലേക്ക് പോകും. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.