മുംബൈ:ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ സ്‌പോർട്‌സ് ഫ്രാഞ്ചൈസികളിലൊന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ കഴിഞ്ഞ 16 സീസണുകളിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal challengers bangalore) ഭാഗമായിരുന്നു. എന്നാല്‍ ഐപിഎല്‍ കിരീടം ഇപ്പോഴും ആര്‍സിബിക്ക് കിട്ടാക്കനിയായി തുടരുകയാണ്. ആര്‍സിബിക്ക് എന്തുകൊണ്ട് ഐപിഎല്‍ വിജയിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ താരമായ യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal).
2014 മുതല്‍ 2021 വരെയുള്ള എട്ട് സീസണുകളില്‍ ആര്‍സിബിക്കായി കളിച്ചതാരമാണ് ചാഹല്‍. നിലവില്‍ മലയാളി താരം സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിനായാണ് ചാഹല്‍ കളിക്കുന്നത്. ആര്‍സിബിക്ക് ഒപ്പമുള്ള എട്ടുവര്‍ഷക്കാലം അതിനുള്ള ഉത്തരം കണ്ടെത്താനാണ് ശ്രമിച്ചതെന്നാണ് യുസ്‌വേന്ദ്ര ചാഹല്‍ പ്രതികരിച്ചത്. 2016 സീസണില്‍ തൊട്ടടുത്ത് എത്താന്‍ ഫ്രാഞ്ചൈസിക്ക് കഴിഞ്ഞ കാര്യവും താരം ഓര്‍ത്തെടുത്തു.
ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. 'ആര്‍സിബിക്ക് ഒപ്പമുള്ള എട്ട് വര്‍ഷങ്ങളിലും എന്തുകൊണ്ടാണ് കിരീടം ലഭിക്കാത്തതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഉള്ള ശ്രമത്തിലായിരുന്നു ഞാന്‍. ക്രിസ് ഗെയ്‌ലും കെഎല്‍ രാഹുലുമടക്കമുള്ള താരങ്ങള്‍ ആര്‍സിബിയില്‍ ഉണ്ടായിരുന്ന 2016-ല്‍ കിരീടം നേടാന്‍ ഞങ്ങള്‍ക്ക് മികച്ച അവസരമുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഞങ്ങള്‍ തോല്‍വി വഴങ്ങി.'
'അന്ന് അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ ആറിലും വിജയിക്കാന്‍ ആര്‍സിബിക്ക് കഴിഞ്ഞിരുന്നു. ഡല്‍ഹിക്കെതിരായ ക്വാളിഫയറിലെ പ്രകടനത്തോടെ വെറും രണ്ട് ദിവസത്തേക്ക് എനിക്ക് പര്‍പ്പിള്‍ ക്യാപ്പും ലഭിച്ചിരുന്നു. തോല്‍വി വഴങ്ങിയാല്‍ ഞങ്ങള്‍ പുറത്താവുന്ന സാഹചര്യമായിരുന്നു.'
'അത് വിജയിച്ച ഞങ്ങള്‍ ഫൈനലിലും എത്തി. ഞങ്ങൾ ചിന്നസ്വാമിയിൽ തന്നെ ഫൈനല്‍ കളിച്ചുവെങ്കിലും മത്സരത്തിൽ എട്ടോ പത്തോ റണ്‍സിന് പരാജയപ്പെട്ടു. ആ തോല്‍വി ഏറെ വേദനിപ്പിക്കുന്നതായിരുന്നു '- യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞു.