മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും ഗോള്‍ഡന്‍ ഡക്കായാണ് സൂര്യ തിരിച്ച് കയറിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയ 32കാരനായ സൂര്യകുമാര്‍ മൂന്നാം ഏകദിനത്തില്‍ സ്‌പിന്നര്‍ ആഷ്‌ടണ്‍ ആഗറിന്‍റെ പന്തില്‍ ബൗള്‍ഡായാണ് തിരികെ കയറിയത്.
ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ സൂര്യയുടെ പ്രകടനം അല്‍പം ആശങ്കയ്‌ക്ക് വക നല്‍കുന്നതാണ്. തന്‍റെ അവസാന 10 ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് രണ്ടക്കത്തില്‍ എത്താന്‍ കഴിഞ്ഞത്. 21 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ 25 താഴെ മാത്രമാണ് സൂര്യയുടെ ശരാശരി.
ഇതിന് പിന്നാലെ സൂര്യയെ ടീമില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ആരാധകരും വിദഗ്‌ധരും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഏകദിന ലോകകപ്പ് അടുത്തിരിക്കെ സൂര്യയ്‌ക്ക് പകരം സഞ്‌ജു സാംസണ് അവസരം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. എന്നാല്‍ സൂര്യയ്‌ക്ക് നിരുപാധിക പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്.
സൂര്യയ്‌ക്ക് ശക്തമായി തിരികെയെത്താന്‍ കഴിയുമെന്ന് പറഞ്ഞ യുവരാജ് സിങ് അവസരം നല്‍കിയാല്‍ , താരത്തിന് ലോകകപ്പിൽ സുപ്രധാന പങ്ക് വഹിക്കാനാവുമെന്നുമാണ് പറയുന്നത്. ട്വിറ്ററിലൂടെയാണ് യുവി സൂര്യകുമാര്‍ യാദവിന് പിന്തുണ നല്‍കിയത്.
"തങ്ങളുടെ കരിയറില്‍ ഏതൊരു കായിക താരത്തിനും ഉയര്‍ച്ച താഴ്‌ചകളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. എപ്പോഴെങ്കിലും നമ്മളെല്ലാവരും ഇക്കാര്യം അനുഭവിച്ചിട്ടുള്ളതാണ്. ഇന്ത്യയുടെ നിര്‍ണായക താരമാണ് സൂര്യകുമാര്‍ യാദവ് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.