തിരുവനന്തപുരം:ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ മാര്‍ജിനിലൊരു വിജയം. വിരാട് കോലിയുടെയും, ശുഭ്‌മാന്‍ ഗില്ലിന്‍റെയും ബാറ്റിങ് വെടിക്കെട്ടും മുഹമ്മദ് സിറാജിന്‍റെ ബോളിങ് കരുത്തും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ആധികാരികമായി തന്നെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
താരങ്ങളുടെ പ്രകടനമികവിന് പുറമെ കാണികളുടെ പങ്കാളിത്തത്തിലും കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മുന്‍പ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായ മത്സരങ്ങളില്‍ കാണികള്‍ക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കിട്ടിയിരുന്നില്ല. എന്നാല്‍ ഇന്നലെ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരം പകുതിയിലേറെ കാലിയായ കസേരകള്‍ക്ക് മുന്‍പിലാണ് നടന്നത്.
കാര്യവട്ടത്ത് മത്സരം കാണാന്‍ കാണികള്‍ എത്താതിരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് രംഗത്തെത്തിയിരുന്നു. സ്റ്റേഡിയത്തിലുള്ള കസേരകളില്‍ പകുതിയും ഒഴിഞ്ഞു കിടക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച താരം ഏകദിന ക്രിക്കറ്റ് മരിക്കുന്നതിന്‍റെ സൂചനയാണോ ഇതെന്ന് ചോദിച്ചു. ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ച്വറിയേയും വിരാട് കോലിയുടെ ബാറ്റിങ്ങിനെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തപ്പോഴാണ് ഇക്കാര്യവും മുന്‍ താരം ചൂണ്ടിക്കാണിച്ചത്.
ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രി വി.അബ്‌ദുറഹിമാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിന് വിനോദ നികുതി കൂട്ടിയതിനെ ന്യായീകരിച്ച മന്ത്രി 'പട്ടിണിക്കാര്‍ കളി കാണാന്‍ വരേണ്ട' എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
'മന്ത്രിയുടെ വാക്ക് അനുസരിച്ചു' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളുമായി യുവരാജ് സിങ് രേഖപ്പെടുത്തിയ ട്വീറ്റിന് അടിയില്‍ മലയാളി ക്രിക്കറ്റ് ആരാധകരും കമന്‍റ് ചെയ്‌തു. കൂടാതെ ടിക്കറ്റ് നിരക്ക് ഒരു സാധാരണക്കാരന് വഹിക്കാന്‍ കഴിയുന്നതിലും കൂടുതലായിരുന്നു എന്ന അഭിപ്രായം ഉന്നയിക്കുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ മറ്റ് ചിലരാകട്ടെ കാണികളെത്താതിരുന്നത് സഞ്‌ജു സാംസണെ തഴയുന്നതിലുള്ള പ്രതിഷേധമായും, മത്സരത്തിന് അത്ര പ്രാധാന്യമില്ലാത്തതിനാലുമാണ് എന്ന അഭിപ്രായവുമാണ് രേഖപ്പെടുത്തിയത്.
പരമാവധി 55,000 പേരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് 7,000 ല്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് വിറ്റു പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ഇത്തവണ കാണികള്‍ കുറഞ്ഞത് ലോകകപ്പ് ഉള്‍പ്പടെ വരാനിരിക്കെ കെസിഎയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
റെക്കോഡ് ജയം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ 317 റണ്ണിനാണ് ലങ്കയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 22 ഓവറില്‍ 73 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജിന്‍റെ പ്രകടനമാണ് റണ്‍ ചേസില്‍ ലങ്കയെ തകര്‍ത്തത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. വിരാട് കോലി പുറത്താകാതെ 166 റണ്‍സ് നേടിയപ്പോള്‍ രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ രണ്ടാമത്തെ സെഞ്ച്വറിയടിച്ച ഗില്‍ 116 റണ്‍സ് നേടി പുറത്താകുകയായിരുന്നു.
Also Read: കാര്യവട്ടത്ത് ലങ്കയെ പറപറപ്പിച്ച് ടീം ഇന്ത്യ ; 317 റണ്ണിന് തൂത്തെറിഞ്ഞ് ഏകദിനത്തിലെ റെക്കോഡ് ജയം, പരമ്പരയും സ്വന്തം