മുംബൈ:അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലണ്ട് പേസര്‍ സ്റ്റുവർട്ട് ബ്രോഡിന് ആശംസകള്‍ അറിയിച്ച് ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. യഥാർഥ ഇതിഹാസമായ സ്റ്റുവർട്ട് ബ്രോഡിന്‍റെ കരിയറും നിശ്ചയദാർഢ്യവും ഏറെ പ്രചോദനാത്മകമാണെന്നാണ് യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ചതും അപകടകാരിയുമായ ബോളര്‍മാരില്‍ ഒരാളെന്നും സ്റ്റുവർട്ട് ബ്രോഡിനെ യുവരാജ് സിങ് തന്‍റെ ട്വീറ്റില്‍ വിശേഷിപ്പിക്കുന്നുണ്ട്.
യുവരാജിന്‍റെ വലിയൊരു റെക്കോഡിന് ഇരയായ താരമാണ് സ്റ്റുവർട്ട് ബ്രോഡ്. 2007-ലെ ടി20 ലോകകപ്പില്‍ ബ്രോഡിന്‍റെ ഒരു ഓവറില്‍ തുടര്‍ച്ചയായി ആറ് സിക്‌സറുകളടിച്ചുകൊണ്ട് യുവി ചരിത്രം കുറിച്ചിരുന്നു. യുവിയെ ഇംഗ്ലീഷ് നായകന്‍ ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫ് പ്രകോപിച്ചതിന്‍റെ ചൂടായിരുന്നു സ്റ്റുവർട്ട് ബ്രോഡ് അറിഞ്ഞത്.
ഇരുവരും തമ്മില്‍ ഉടക്കിയതിന് ശേഷം ഇന്ത്യന്‍ ഇന്നിങ്‌സിലെ 19-ാം ഓവറിലായിരുന്നു ബ്രോഡ് പന്തെറിയാന്‍ എത്തിയത്. യുവി നിലം തൊടീക്കാതിരുന്നതോടെ കരഞ്ഞ കണ്ണുകളുമായി മൈതാനത്ത് നിന്ന ബ്രോഡിനെ ആരാധകര്‍ ഇന്നും മറക്കാന്‍ ഇടയില്ല. എന്നാല്‍ പിന്നീട് താരത്തിന്‍റെ കരിയര്‍ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു വളര്‍ന്നത്.
കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ലഭിച്ച ഏറെ കഠിനമായ അനുഭവമായിരുന്നു യുവിയുടെ ആറ് സിക്‌സറുകളെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിനായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ബ്രോഡ് പറഞ്ഞിരുന്നു. എന്നാല്‍ തന്നെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാന്‍ അതിന് കഴിഞ്ഞുവെന്നും അവിടെ നിന്നാണ് താന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതെന്നുമായിരുന്നു ഇംഗ്ലീഷ് താരത്തിന്‍റെ വാക്കുകള്‍.
"അതൊരു പ്രയാസകരമായ ദിവസമായിരുന്നു. അന്ന് എനിക്ക് ഇരുപത്തിയൊന്നോ ഇരുപത്തി രണ്ടോ വയസ് മാത്രമാണ് പ്രായമുള്ളത്. ഒരു അന്താരാഷ്‌ട്ര പെർഫോമർ എന്ന നിലയിൽ ഞാൻ വളരെ പിറകിലായിരുന്നു. അതറിഞ്ഞുകൊണ്ട് തന്നെ ആ അനുഭവത്തെ മാനസികമായി മറികടന്നു.
ഒരു തരത്തിലുള്ള പ്രീ-ബോൾ ദിനചര്യയും അതിന് മുമ്പ് എനിക്ക് ഇല്ലായിരുന്നു. കാര്യമായി ഒന്നിലും ഞാന്‍ ഫോക്കസ് ചെയ്‌തിരുന്നില്ല. എന്നാല്‍ അതിന് ശേഷം, എല്ലാത്തിലും ഞാന്‍ ശ്രദ്ധാലുവായി. അതിനെ ഞാൻ വിളിക്കുന്നത് എന്‍റെ 'വാരിയർ മോഡ്' ഓണാക്കി എന്നാണ്. ആത്യന്തികമായി, അങ്ങനെ സംഭവിച്ചില്ലെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എന്നെ കൂടുതല്‍ മുന്നോട്ട് നയിച്ച് ഇന്നത്തെ നിലയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത് അതാണ്"- ബ്രോഡ് കൂട്ടിച്ചേർത്തു.
അതേസമയം ഓവലില്‍ പുരോഗമിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റോടെ ക്രിക്കറ്റിനോട് വിടപറയുമെന്ന് മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് 37 കാരനായ ബ്രോഡ് പ്രഖ്യാപിച്ചത്. 17 വര്‍ഷങ്ങള്‍ നീണ്ട ഐതിഹാസിക കരിയറിനാണ് സ്റ്റുവര്‍ട്ട് ബ്രോഡ് വിരാമമിടുന്നത്. 2006 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ടി20 ജഴ്‌സിയില്‍ പാകിസ്ഥാനെതിരെ അരങ്ങേറ്റം നടത്തിയ ബ്രോഡ് ഇതേവരെ മൂന്ന് ഫോര്‍മാറ്റിലുമായി ആകെ 344 മത്സരങ്ങളില്‍ നിന്നും 845 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു ബ്രോഡ് ഏറെ നേട്ടമുണ്ടാക്കിയത്. ടെസ്റ്റില്‍ 167 മത്സരങ്ങളില്‍ നിന്നും 602 വിക്കറ്റുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ടെസ്റ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ മാത്രം പേസറും മൊത്തത്തിലുള്ള പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരനാവാനും ബ്രോഡിന് കഴിഞ്ഞിരുന്നു.
ALSO READ: WI vs IND| വിശ്രമം നല്‍കാനെങ്കില്‍ പിന്നെ എന്തിന് ടീമിലെടുത്തു, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാമായിരുന്നില്ലേ ?; തുറന്നടിച്ച് സാബ കരീം