മുംബൈ:ഏറെക്കാലമായി ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പര്‍ സ്ഥാനം ഇന്ത്യയ്‌ക്ക് തലവേദനയാണ്. ഏകദിന ലോകകപ്പിലേക്ക് (Cricket World Cup 2023) എത്തിയപ്പോഴും നാലാം നമ്പറിലെ ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. സമീപകാലത്തായി ശ്രേയസ് അയ്യരാണ് ( Shreyas Iyer) ഇന്ത്യയുടെ നാലാം നമ്പര്‍ കയ്യാളുന്നത്.
എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോകകപ്പ് ഓപ്പണറില്‍ നാലാം നമ്പറിലെത്തിയ താരം പൂജ്യത്തിനാണ് തിരികെ കയറിയത്. തുടക്കം തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായി പ്രതിരോധത്തിലായ ഇന്ത്യയ്‌ക്ക് ഒരു മികച്ച കൂട്ടുകെട്ട് ആവശ്യമുള്ളപ്പോഴായിരുന്നു ശ്രേയസ് വിക്കറ്റ് തുലച്ചത്. ഇതിന് പിന്നാലെ നാലാം നമ്പറില്‍ ശ്രേയസിന് പകരക്കാരനെ നിര്‍ദേശിച്ചിരിക്കുകയാണ് ഇതിഹാസ താരം യുവരാജ് സിങ് (Yuvraj Singh criticizes Shreyas Iyer after India vs Australia Cricket World Cup 2023 match).
കെഎല്‍ രാഹുലിനെ (KL Rahul) നാലാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് നേരത്തെ തല്‍സ്ഥാനത്ത് ഇന്ത്യയുടെ സ്ഥിരക്കാരനായിരുന്ന യുവരാജ് സിങ് (Yuvraj Singh) പറയുന്നത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയിട്ടും രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കാത്തത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും യുവരാജ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
"നാലാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങുന്ന കളിക്കാരന് സമ്മർദത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണം. ടീം അവരുടെ ഇന്നിങ്‌സ് പുനർനിർമിക്കാൻ ശ്രമിക്കുമ്പോൾ ശ്രേയസ് അയ്യര്‍ കുറെക്കൂടി ചിന്തിച്ച് കളിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് കെഎല്‍ രാഹുല്‍ നാലാം നമ്പറിൽ ബാറ്റ് ചെയ്യാത്തതെന്ന് ഇപ്പോഴും മനസിലാകുന്നില്ല. പാകിസ്ഥാനെതിരെ ആ നമ്പറില്‍ സെഞ്ചുറി നേടിയിട്ടും അവനെ ബാറ്റിങ് ഓര്‍ഡറില്‍ താഴെ കളിപ്പിക്കുന്നു"- യുവരാജ് സിങ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.