മുംബൈ:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ലണ്ടനിലേക്ക് പറന്ന് രാജസ്ഥാന്‍ റോയല്‍സ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായാണ് ജയ്‌സ്വാളിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ പകരക്കാരനായാണ് ടീമിലേക്ക് യശസ്വിയുടെ വരവ്.
വിവാഹ തിരക്ക് ചൂണ്ടിക്കാട്ടിയാണ് റിതുരാജ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയത്. ഐപിഎല്‍ ഫൈനലിന് ശേഷം ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് റിതുരാജിന്‍റെ വിവാഹം. ഈ സാഹചര്യത്തില്‍ ജൂണ്‍ അഞ്ചിന് ശേഷം മാത്രമെ ടീമിനൊപ്പം ചേരാന്‍ സാധിക്കൂവെന്ന് താരം ബിസിസിഐയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പകരക്കാരനെ അയക്കാന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സെലക്‌ടര്‍മാരോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ജയ്‌സ്വാളിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. താരത്തോട് റെഡ് ബോളില്‍ പരിശീലനം നടത്താനും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന താരം ഇന്നലെ രാത്രിയിലാണ് രോഹിതിനൊപ്പം ലണ്ടനിലേക്ക് പുറപ്പെട്ടത്.
ബാക്ക് അപ്പ് ഓപ്പണറായിട്ടാണ് ജയ്‌സ്വാളിനെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ്മ ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ തന്നെയാകും ഫൈനലില്‍ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇവരില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റി കളിക്കാന്‍ സാധിക്കാതെ വരുകയാണെങ്കില്‍ മാത്രമാകും ജയ്‌സ്വാളിന് അവസരം ലഭിക്കുക.
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് യശസ്വി ജയ്‌സ്വാളിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ഐപിഎല്‍ പ്ലേഓഫ് കാണാതെ പുറത്തായ രാജസ്ഥാന്‍ റോയല്‍സിനായി ഇക്കുറി തകര്‍ത്തടിച്ചത് ഈ 21കാരനാണ്. സീസണിലെ 14 മത്സരങ്ങളില്‍ നിന്നും 625 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ഇതിന് പിന്നാലെ താരത്തിന് അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുമെന്ന് രവി ശാസ്‌ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടിരുന്നു.