ബെംഗലൂരു: രഞ്‌ജി ട്രോഫി സെമിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ആദ്യ റണ്ണെടുക്കാന്‍ മുംബൈ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നേരിട്ടത് 54 പന്തുകള്‍. മുംബൈയുടെ രണ്ടാം ഇന്നിങ്‌സിലാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഓപ്പണര്‍ കൂടിയായ ജയ്‌സ്വാള്‍ പ്രതിരോധത്തെ കൂട്ട് പിടിച്ചത്. ഒന്നാം വിക്കറ്റില്‍ യശസ്വിയും, ക്യാപ്‌റ്റന്‍ പൃഥ്വി ഷായും ചേര്‍ന്ന് 66 റണ്‍സ് നേടിയപ്പോള്‍ അതില്‍ 64 റണ്‍സും പൃഥ്വിയുടെ വകയായിരുന്നു.
മൂന്നാമനായെത്തിയ അര്‍മാന്‍ ജാഫര്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി അക്കൗണ്ട് തുറന്നപ്പോഴും യശസ്വി പൂജ്യത്തിലായിരുന്നു. തുടര്‍ന്ന് നേരിട്ട 54-ാം പന്തില്‍ അങ്കിത് രജ്‌പുതിനെതിരെ ബൗണ്ടറി നേടിയാണ് താരം ആദ്യ റണ്‍സ് നേടിയത്. ഇതിന് പിന്നാലെ ഡ്രസിങ് റൂമിന് നേരെ ബാറ്റുയര്‍ത്തിയ യശസ്വിയെ സഹതാരങ്ങള്‍ കയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്‌തു.