ലഖ്‌നൗ : സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച മതവിദ്വേഷ പോസ്റ്റിനെ തുടർന്നുണ്ടായ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാൽ. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തിട്ടുണ്ടെന്നും ലവ് ജിഹാദുമായി ബന്ധപ്പെടുത്തിയുള്ള സ്‌റ്റോറിയും അതിന് പിന്നാലെയുള്ള ക്ഷമാപണക്കുറിപ്പും താനല്ല പോസ്റ്റ് ചെയ്‌തതെന്നും താരം വ്യക്തമാക്കി. വിവദങ്ങൾക്ക് പിന്നാലെ വാർത്തക്കുറിപ്പിലൂടെയാണ് യാഷ് വിവാദ സംഭവത്തിൽ വിശദീകരണം നൽകിയതെന്നാണ് പ്രമുഖ സ്‌പോർട്‌സ് വെബ്‌സൈറ്റായ ഇഎസ്‌പിൻ റിപ്പോർട്ട് ചെയ്യുന്നത്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്നും താരം അറിയിച്ചു. എല്ലാ സമുദായങ്ങളെയും താൻ ബഹുമാനിക്കുന്നുണ്ടെന്നും വൈറലായ ചിത്രത്തിലുള്ളത് തന്‍റെ യഥാർഥ വെളിപ്പെടുത്തുന്നതല്ലെന്നും യാഷ് ദയാൽ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
'എന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത രണ്ട് സ്‌റ്റോറികളും ഞാൻ പങ്കുവച്ചതല്ല. സംഭവം ഞാൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. മറ്റാരോ അക്കൗണ്ടിന്‍റെ നിയന്ത്രണം കൈക്കലാക്കിയാണ് വിവാദപരമായ സ്റ്റോറി പോസ്റ്റ് ചെയ്‌തെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. എല്ലാ സമുദായങ്ങളെയും ഞാൻ ബഹുമാനിക്കുന്നുണ്ട്. ഇന്നു പങ്കുവയ്ക്കപ്പെട്ട ചിത്രം എന്റെ നിലപാടിനെയല്ല വെളിപ്പെടുത്തുന്നത്.'- പ്രസ്‌താവനയിലൂടെ യാഷ് ദയാൽ വിശദീകരിച്ചു.
ഇന്നലെയാണ് യാഷിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ലൗവ് ജിഹാദിനെ അനുകൂലിക്കുന്ന തരത്തിലുള്ള വർഗീയ പോസ്റ്റ് സ്റ്റോറിയിലൂടെ പങ്കുവച്ചത്. വിഷയം വിവാദമായതോടെ സ്റ്റോറി നീക്കം ചെയ്‌തെങ്കിലും ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ മാപ്പ് അപേക്ഷിക്കുന്ന തരത്തിൽ മറ്റൊരു സ്റ്റോറി ഇട്ടത്.