ഹൈദരാബാദ്:ലവ് ജിഹാദുമായി ബന്ധപ്പെടുത്തി വർഗീയ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീം ഗുജറാത്ത് ടൈറ്റൻസ് പേസര്‍ യാഷ് ദയാൽ. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള കാർട്ടൂൺ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് യാഷ് ദയാൽ പങ്കുവച്ചിരുന്നത്. ഇതു വിവാദമായതോടെ 26-കാരനായ യാഷ് ദയാല്‍ സ്‌റ്റോറി പിൻവലിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞ് യാഷ് ദയാല്‍ മറ്റൊരു സ്റ്റോറി ഇട്ടിരിക്കുന്നത്. ആദ്യത്തെ സ്റ്റോറി അബദ്ധത്തിൽ പോസ്റ്റ് ചെയ്‌തതായിരുന്നു എന്നാണ് യാഷ് ദയാലിന്‍റെ വിശദീകരണം. "ആ സ്റ്റോറിക്ക് മാപ്പുനൽകണം. അബദ്ധത്തിൽ പോസ്റ്റ് ചെയ്‌തതായിരുന്നുവത്. ദയവായി വിദ്വേഷം പ്രചരിപ്പിക്കരുത്. എല്ലാ സമുദായത്തോടും സമൂഹത്തോടും എനിക്ക് ബഹുമാനമുണ്ട്", യാഷ് ദയാൽ തന്‍റെ പുതിയ സ്റ്റോറിയില്‍ പറഞ്ഞു.
അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറിൽ അഞ്ച് സിക്‌സർ വഴങ്ങിയ താരമാണ് യാഷ് ദയാൽ. കൊല്‍ക്കത്ത ബാറ്റര്‍ റിങ്കു സിങ്ങായിരുന്നു യാഷ് ദയാലിനെതിരെ മിന്നലാക്രമണം നടത്തിയത്. ഗുജറാത്തിനെതിരായ മത്സരത്തിന്‍റെ 20-ാം ഓവറില്‍ കൊല്‍ക്കത്തയ്‌ക്ക് ജയിക്കാന്‍ 29 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ഉമേഷ് യാദവും റിങ്കു സിങ്ങും ക്രീസില്‍ നില്‍ക്കെ യാഷ് ദയാലിനെ പന്തേല്‍പ്പിക്കുമ്പോള്‍ ഗുജറാത്ത് എറെക്കുറെ വിജയം ഉറപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്നതൊക്കെയും ഏറെ നാടകീയമായിരുന്നു. ഉമേഷ് യാദവായിരുന്നു യാഷ് ദയാലിന്‍റെ ആദ്യ പന്ത് നേരിട്ടത്.
ഈ പന്തില്‍ സിംഗിളെടുത്ത ഉമേഷ് യാദവ് റിങ്കുവിന് സ്ട്രൈക്ക് കൈമാറി. ഇതോടെ ബാക്കിയുള്ള അഞ്ച് പന്തുകളില്‍ കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം 28 റണ്‍സായി. നേരിട്ട ആദ്യ പന്ത് ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ടോസായാണ് റിങ്കുവിന് ലഭിച്ചത്. ഈ പന്ത് എക്‌സ്‌ട്ര കവറിന് മുകളിലൂടെ റിങ്കു സിക്‌സറടിച്ചു. തുടര്‍ന്നുള്ള രണ്ട് പന്തുകളും യാഷ് ദയാല്‍ ഫുള്‍ടോസ് എറിഞ്ഞപ്പോള്‍ ബാക്ക്‌വാര്‍ഡ് സ്‌ക്വയറിന് മുകളിലൂടെയും ലോങ് ഓഫിലേക്കും റിങ്കു സിക്‌സറിന് പറത്തി.
ഇതോടെ അവസാനത്തെ രണ്ട് പന്തുകളില്‍ കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം 10 റണ്‍സ് എന്ന നിലയിലേക്ക് എത്തി. ഇതോടെ ഒരു പന്ത് മിസ്സാക്കിയാല്‍ ഗുജാറത്തിന് വിജയിക്കാമായിരുന്നു. പക്ഷെ അഞ്ചാം പന്തില്‍ സ്ലോ ബോള്‍ പരീക്ഷിച്ച ദയാലിനെ അസാമാന്യമികവോടെ റിങ്കു ലോങ് ഓണിന് മുകളിലൂടെയാണ് അതിര്‍ത്തി കടത്തി. തുടര്‍ന്നും സ്ലോ ബോളെറിഞ്ഞ ദയാലിനെ സമാന രീതിയില്‍ ലോങ് ഓണിലേക്ക് പറത്തി റിങ്കു സിങ് കൊല്‍ക്കത്തയുടെ വിജയം ഉറപ്പിച്ചു.
ഈ മത്സരത്തിന് പിന്നാലെ നടന്ന കളികളില്‍ ഗുജറാത്തിന്‍റെ സബ്‌സ്‌റ്റിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയില്‍ പോലും യാഷ് ദയാലിന് ഇടം ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് താരം അസുഖ ബാധിതനായെന്നും ശരീരഭാരം കുറഞ്ഞിരിക്കുകയാണെന്നുമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പ്രതികരിച്ചത്. തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമായിരുന്നു യാഷ് ദയാല്‍ ടീമിനായി കളിക്കാന്‍ ഇറങ്ങിയത്.
ALSO READ:WTC Final | 'കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല'; ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാക്കി ആകാശ് ചോപ്ര