മുംബൈ : ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടർ കെയ്ല്‍ ജാമിസണെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കിവീസിന്‍റെ മറ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനായ താരം ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടർമാരുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് സച്ചിന്‍ പറഞ്ഞു.
തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.'ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടർമാരില്‍ ഒരാളായി മാറാന്‍ പോവുകയാണദ്ദേഹം. കഴിഞ്ഞ വർഷം ജാമിസണെ ന്യൂസിലാന്‍ഡില്‍വച്ച് കണ്ടപ്പോള്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം എന്നെ ആകർഷിച്ചിരുന്നു.
ട്രെന്‍റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, നീല്‍ വാഗ്നര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വ്യത്യസ്തനായ ബൗളറാണ് ജാമിസണ്‍. താരത്തിന്‍റെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് തന്നെ ആകർഷിക്കുന്നത്'. സച്ചിന്‍ പറഞ്ഞു.