ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യയുടെ അന്തകനെന്ന വിശേഷണം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്ത്. ഫൈനലിൽ ട്രാവിസ് ഹെഡും സ്റ്റീവ് സ്‌മിത്തും ചേർന്നാണ് ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞത്. മത്സരത്തിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേട്ടത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒട്ടേറെ റെക്കോഡുകളും സ്‌മിത്ത് തന്‍റെ പേരിൽ എഴുതിച്ചേർത്തു.
മത്സരത്തിൽ 268 പന്തിൽ നിന്ന് 19 ബൗണ്ടറികളിലൂടെ 121 റണ്‍സാണ് സ്‌മിത്ത് അടിച്ച് കൂട്ടിയത്. നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡിനൊപ്പം കൂട്ടിച്ചേർത്ത 285 റണ്‍സാണ് ഓസ്‌ട്രേലിയൻ ഇന്നിങ്‌സിൽ നിർണായകമായത്. ടെസ്റ്റ് കരിയറിലെ തന്‍റെ 31-ാം സെഞ്ച്വറിയാണ് ഓവലിൽ സ്‌മിത്ത് ഇന്ന് സ്വന്തമാക്കിയത്. വെറും 97 മത്സരങ്ങളിലെ 170 ഇന്നിങ്‌സുകളിൽ നിന്നാണ് സ്‌മിത്ത് ഇത്രയധികം സെഞ്ച്വറികൾ അടിച്ച് കൂട്ടിയത്.
അതിവേഗത്തിൽ 31ടെസ്റ്റ് സെഞ്ച്വറികൾ നേടിയവരുടെ പട്ടികയിൽ ഓസീസ് മുൻ ഇതിഹാസം റിക്കി പോണ്ടിങ്ങിന്‍റെ റെക്കോഡ് മറികടക്കാനും ഇന്ത്യക്കെതിരായ സെഞ്ച്വറിയിലൂടെ സ്‌മിത്തിനായി. പോണ്ടിങ് 174 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. നിലവിൽ 165 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിൻ ടെൻഡുൽക്കറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് സ്‌മിത്ത്.
കൂടാതെ ഇന്ത്യക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന വിദേശ ബാറ്റർ എന്ന റെക്കോഡിൽ ഇംഗ്ലണ്ട് താരം ജോ റൂട്ടിനൊപ്പമെത്താനും സ്‌മിത്തിനായി. ഇന്ത്യക്കെതിരെ ഒൻപത് സെഞ്ച്വറികളാണ് ഇരുവരും നേടിയിട്ടുള്ളത്. ഇന്ത്യക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികളെന്ന നേട്ടത്തിൽ എട്ട് സെഞ്ച്വറികൾ വീതമുള്ള വിവിയൻ റിച്ചാർഡ്‌സ്, റിക്കി പോണ്ടിങ്, ഗാരി സോബേഴ്‌സ് എന്നീ ഇതിഹാസ താരങ്ങളേയും സ്‌മിത്ത് ഇന്ന് പിന്നിലാക്കി.
കൂടാതെ ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയരാനും ഇന്നത്തെ സെഞ്ച്വറി നേട്ടത്തോടെ സ്‌മിത്തിനായി. നിലവിൽ ഒൻപത് സെഞ്ച്വറിയുമായി രണ്ടാം സ്ഥാനത്താണ് സ്‌മിത്ത്. 11 സെഞ്ച്വറികളുള്ള സച്ചിൻ ടെൻഡുൽക്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. എട്ട് സെഞ്ച്വറികൾ വീതമുള്ള സുനിൽ ഗവാസ്‌കർ, വിരാട് കോലി, റിക്കി പോണ്ടിങ് എന്നിവരെയാണ് സ്‌മിത്ത് മറികടന്നത്.
31-ാം സെഞ്ച്വറിയോടെ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനും സ്‌മിത്തിനായി. ഇനി റിക്കി പോണ്ടിങ് (41), സ്റ്റീവ് വോ (32) എന്നീ താരങ്ങൾ മാത്രമാണ് സ്‌മിത്തിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന സന്ദർശക ബാറ്ററെന്ന നേട്ടത്തിലും ഏഴ് സെഞ്ച്വറിയുമായി സ്റ്റീവ് വോയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും സ്‌മിത്തിന് സാധിച്ചു. 11 സെഞ്ച്വറിയുമായി സാക്ഷാൻ ഡോണ്‍ ബ്രാഡ്‌മാൻ മാത്രമാണ് ഇനി സ്‌മിത്തിന് മുന്നിലുള്ളത്.
നിലവിലെ താരങ്ങളിൽ എല്ലാ ഫോർമാറ്റുകളിലും ഏറ്റവുമധികം സെഞ്ച്വറികളുള്ള ബാറ്ററുടെ പട്ടികയിൽ 43 സെഞ്ച്വറികളുമായി രോഹിത് ശർമക്കൊപ്പമാണ് സ്‌മിത്തിന്‍റെ സ്ഥാനം. 301 മത്സരങ്ങളിൽ നിന്നാണ് സ്‌മിത്ത് ഈ നേട്ടത്തിലേക്കെത്തിയത്. 45 സെഞ്ച്വറിയുമായി ഡേവിഡ് വാർണറും സ്റ്റീവ് സ്‌മിത്തും രണ്ടാം സ്ഥാനം പങ്കിടുമ്പോൾ 75 സെഞ്ച്വറികളുമായി കോലി ബഹുദൂരം മുന്നിൽ നിൽക്കുന്നുണ്ട്.