ഓവല്‍ :ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ മികച്ച നിലയിലേക്ക് കുതിച്ച ഓസ്ട്രേലിയയെ പിടിച്ചു നിർത്തി ഇന്ത്യൻ ബൗളർമാർ. ഇന്നലെ മധ്യനിര ബാറ്റർ ട്രവിഡ് ഹെഡ് നേടിയ സെഞ്ച്വറിക്ക് പിന്നാലെ രണ്ടാം ദിനമായ ഇന്ന് മത്സരം തുടങ്ങിയ ഉടൻ തന്നെ സൂപ്പർ ബാറ്റർ സ്‌റ്റീവ് സ്‌മിത്തും സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ ആരാധകർ വിഷമത്തിലായിരുന്നു. എന്നാല്‍ സൂപ്പർ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഹെഡിനെയും പകരമെത്തിയ കാമറൂൺ ഗ്രീനിനെയും പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.
രണ്ടാം ദിനമായ ഇന്ന് മത്സരം ആരംഭിച്ചതു മുതല്‍ സ്‌മിത്തും ഹെഡും തകർത്തടിച്ചാണ് തുടങ്ങിയത്. ഇന്ന് മത്സരം തുടങ്ങിയപ്പോൾ തന്നെ സ്‌മിത്ത് സെഞ്ച്വറി തികച്ചു. സ്‌മിത്തിന്‍റെ 31-ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഓവലില്‍ പിറന്നത്. അതിനിടെ 163 റൺസ് നേടിയ ഹെഡിനെ സിറാജ് വിക്കറ്റ് കീപ്പർ ഭരതിന്‍റെ കൈകളിലെത്തിച്ചത് ഇന്ത്യയ്ക്ക് ആശ്വാസമായി.
ഇരുവരും ചേർന്ന് 285 റൺസിന്‍റെ കൂട്ടുകെട്ട് സൃഷ്‌ടിച്ച ശേഷമാണ് ട്രവിസ് ഹെഡ് പുറത്തായത്. മുഹമ്മദ് സിറാജിന്‍റെ രണ്ടാം വിക്കറ്റാണിത്. ഇന്നലെ ഉസ്‌മാൻ ഖവാജയെയാണ് സിറാജ് ആദ്യം പുറത്താക്കിയത്. ഹെഡിന് പകരമെത്തിയ കാമറൂൺ ഗ്രീനിനെ ആറ് റൺസിന് പുറത്താക്കിയതോടെയാണ് ഇന്ത്യൻ ആരാധകർക്ക് ആശ്വസിക്കാൻ വക ലഭിച്ചത്. മുഹമ്മദ് ഷമിയുടെ പന്തില്‍ ഗില്ലിന് പിടികൊടുത്താണ് ഗ്രീൻ പുറത്തായത്.
മികച്ച നിലയില്‍ ഓസീസ്: ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹെഡാണ് ഇന്നലെ ഇന്ത്യൻ ബൗളർമാർക്ക് ഏറെ തലവേദന സൃഷ്‌ടിച്ചത്. 25 ഫോറും ഒരു സിക്‌സും അടക്കമാണ് ഹെഡ് 163 റൺസ് നേടിയത്. സ്‌മിത്ത് ആദ്യം പതിയെ തുടങ്ങിയെങ്കിലും പിന്നീട് മികച്ച ഫോമിലെത്തുകയായിരുന്നു. സ്‌മിത്ത് ഇതുവരെ 16 ഫോറുകളാണ് അടിച്ചുകൂട്ടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോൾ ഓസീസ് 5 വിക്കറ്റ് നഷ്‌ടത്തില്‍ 382 റൺസ് നേടിയിട്ടുണ്ട്. ഓസീസിന്‍റെ ഡേവിഡ് വാർണർ (43), ഉസ്‌മാൻ ഖവാജ (0), മാർനസ് ലബുഷെയ്‌ൻ (26) എന്നിവരാണ് ഇന്നലെ പുറത്തായ ബാറ്റർമാർ.
രോഹിതിന് പിഴച്ചോ: ഇന്നലെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഓസീസിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. കാർമേഘങ്ങൾ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഓസീസിന്‍റെ വിക്കറ്റുകൾ വേഗം വീഴ്‌ത്താമെന്ന ചിന്തയിലാണ് രോഹിത് ഓസ്ട്രേലിയയെ ബാറ്റിങിന് അയച്ചത്. ആർ അശ്വിനെ ഒഴിവാക്കി നാല് പേസർമാരുമായാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനല്‍ കളിക്കാനിറങ്ങിയത്.
ടോസ് നേടി ആദ്യം ബോളിങ് തീരുമാനിച്ചതും അശ്വിനെ കളിപ്പിക്കാതിരുന്നതും അടക്കം നായകൻ രോഹിതിന് എതിരെ വലിയ വിമർശനമാണ് ക്രിക്കറ്റ് വിദഗ്ദ്ധരില്‍ നിന്നുണ്ടായിട്ടുള്ളത്. ഇന്ത്യൻ ബൗളർമാരില്‍ ശാർദുല്‍ താക്കൂർ ഒരു വിക്കറ്റ് നേടിയെങ്കിലും റൺസ് വഴങ്ങുന്നത് ആദ്യ ദിനം ഇന്ത്യയ്ക്ക് തലവേദന സൃഷ്‌ടിച്ചിരുന്നു. ഉമേഷ് യാദവിന് അധികം ഓവറുകൾ നല്‍കാതെ ഷമി, സിറാജ് എന്നിവരെയാണ് നായകൻ രോഹിത് അധികവും ആശ്രയിക്കുകയും ചെയ്‌തത്.