ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വമ്പന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ പ്രധാന ബാറ്റിങ് പ്രതീക്ഷകളില്‍ ഒരാളായിരുന്നു ശുഭ്‌മാന്‍ ഗില്‍. ഈ വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ താരം അടുത്തിടെ അവസാനിച്ച ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാല്‍ ആ മികവൊന്നും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബാറ്റ് ചെയ്യാനെത്തിയ ഗില്ലിന് പുറത്തെടുക്കാനായില്ല.
ഇന്നലെ, ഇന്ത്യക്കായി ബാറ്റ് ചെയ്യാനെത്തിയ ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലും ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് സമ്മാനിച്ചത്. ആദ്യ മൂന്നോവറില്‍ 22 റണ്‍സായിരുന്നു ഇരുവരും അടിച്ചെടുത്തത്. എന്നാല്‍, പിന്നീടായിരുന്നു ടീമിന്‍റെ പതനം.
ആദ്യം നായകന്‍ രോഹിത് ശര്‍മയെ ആണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മത്സരത്തിന്‍റെ ആറാം ഓവറിലായിരുന്നു രോഹിതിന്‍റെ പുറത്താകല്‍. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യന്‍ ക്യാപ്‌റ്റനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.
തൊട്ടടുത്ത ഓവറിലായിരുന്നു ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. സ്‌കോട്ട് ബോളണ്ടായിരുന്നു വിക്കറ്റ് ടേക്കര്‍. ഓഫ്‌സൈഡിലെത്തിയ പന്ത് ലീവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബോളണ്ടിന്‍റെ പന്ത് ഗില്ലിന്‍റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു.
ഐപിഎല്ലില്‍ നിന്നും നേരിട്ട് ഒരു പരിശീലന മത്സരം പോലും കളിക്കാതെ ടെസ്റ്റിലേക്ക് മാറുമ്പോള്‍ താരങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കൃത്യമായി മനസിലാക്കി തരുന്ന വിക്കറ്റായിരുന്നു അത്. തന്‍റെ ഓഫ് സ്റ്റമ്പിനെ കുറിച്ച് കൃത്യമായൊരു ധാരണ ഇല്ലാതെ ആയിരുന്നു മത്സരത്തില്‍ പന്ത് ലീവ് ചെയ്യാന്‍ ശുഭ്‌മാന്‍ ഗില്‍ ശ്രമിച്ചതെന്ന് നിസംശയം പറയാം. ഫൈനല്‍ മത്സരത്തിന് മുന്‍പ് തന്നെ ഐപിഎല്ലില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മാറ്റം അല്‍പം വെല്ലുവിളി നിറഞ്ഞതായിരിക്കും എന്ന് ശുഭ്‌മാന്‍ ഗില്‍ അഭിപ്രായപ്പെട്ടിരുന്നു.