ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ 450 റണ്‍സ് ലീഡ് നേടിയാലും തിരിച്ചടിക്കാനാകുമെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ശര്‍ദുല്‍ താക്കൂര്‍. മൂന്നാം ദിവസത്തെ കളിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു താക്കൂര്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഓസ്‌ട്രേലിയയ്‌ക്ക് 296 റണ്‍സിന്‍റെ ലീഡാണുള്ളത്.
മൂന്നാം ദിനത്തില്‍ 123-4 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ കളി അവസാനിപ്പിച്ചത്. മാര്‍നസ് ലബുഷെയ്‌ന്‍ (41), ക്രിസ് ഗ്രീന്‍ എന്നിവരാണ് ക്രീസില്‍. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് കൂറ്റന്‍ ലീഡ് ലക്ഷ്യമിട്ടാകും ഇവര്‍ ഇന്നിറങ്ങുന്നത്.
കലാശപ്പോരാട്ടത്തിന്‍റെ മൂന്നാം ദിനമായ ഇന്നലെ 151-5 എന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. ദിവസത്തിന്‍റെ തുടക്കത്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരതിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. പിന്നാലെ ക്രീസിലെത്തിയ ശര്‍ദുല്‍ താക്കൂര്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്.
അര്‍ധസെഞ്ച്വറി നേടിയ താക്കൂര്‍ ഏഴാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം (89) 109 റണ്‍സിന്‍റെ കൂട്ടുകെട്ടുമുണ്ടാക്കി. ഇവരുടെ പ്രകടനമായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 51 റണ്‍സ് നേടിയായിരുന്നു താക്കൂര്‍ പുറത്തായത്.
'ക്രിക്കറ്റ് ഒരു രസകരമായ കളിയാണ്. ഒരു മികച്ച ടോട്ടല്‍ ഇതായിരിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ഇതുപോലുള്ള ഐസിസി ഫൈനല്‍ മത്സരങ്ങളില്‍.
ഇവിടെ ഒന്നും തന്നെ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. ആര്‍ക്കാണോ സമ്മര്‍ദഘട്ടങ്ങളെ നന്നായി കൈകാര്യം ചെയ്‌ത് മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനായല്‍ ഇവിടെ 450 അല്ലങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സും പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കും' -ശര്‍ദുല്‍ താക്കൂര്‍ അഭിപ്രായപ്പെട്ടു.