ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ രണ്ടാം ദിനം മത്സരത്തിലേക്ക് തിരിച്ചെത്തി ഇന്ത്യ. രണ്ടാം ദിനം 327 റണ്‍സിന് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 469 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 422 റണ്‍സ് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ ഇന്ത്യൻ ബോളർമാർ എറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു.
മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 327 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ സ്റ്റീവ് സ്‌മിത്തിന്‍റെ സെഞ്ച്വറിയോടെയാണ് രണ്ടാം ദിനം ആരംഭിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തുടർച്ചയായി ബൗണ്ടറികൾ നേടി സ്‌മിത്ത് തന്‍റെ സെഞ്ച്വറി പൂർത്തിയാക്കി. ടെസ്റ്റിൽ താരത്തിന്‍റെ 31-ാം സെഞ്ച്വറിയാണിത്.
ഇതിന് പിന്നാലെ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് 150 റണ്‍സിലേക്കെത്തി. ഹെഡും സ്‌മിത്തും ആക്രമിച്ച് കളിച്ച് ടീം സ്‌കോർ 350 കടത്തിയതോടെ ഇന്ത്യ അപകടം മണത്തു. എന്നാൽ ഇന്ത്യക്ക് ആശ്വാസം പകർന്നുകൊണ്ട് ട്രാവിസ് ഹെഡിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു.
174 പന്തിൽ 25 ഫോറിന്‍റെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെ 163 റണ്‍സ് നേടിയ താരത്തെ സിറാജ് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഹെഡും സ്‌മിത്തും ചേർന്ന് നാലാം വിക്കറ്റിൽ 285 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. തുടർന്ന് ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനും നിലയുറപ്പിക്കാനായില്ല.
വെറും ആറ് റണ്‍സ് മാത്രം നേടിയ താരത്തെ മുഹമ്മദ് ഷമി ഗില്ലിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഗ്രീനിന് പിന്നാലെ അലക്‌സ് ക്യാരി ക്രീസിലെത്തി. എന്നാൽ ക്യാരിയെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തുന്നതിനിടെ അപകടകാരിയായ സ്‌മിത്തിനെയും പുറത്താക്കി ഇന്ത്യ ശക്‌തമായി തിരിച്ചടിച്ചു. 268 പന്തുകളില്‍ നിന്ന് 19 ബൗണ്ടറികളുടെ അകമ്പടിയോടെ 121 റണ്‍സെടുത്ത സ്‌മിത്തിനെ ശാര്‍ദൂല്‍ താക്കൂര്‍ ബൗള്‍ഡാക്കി മടക്കുകയായിരുന്നു.
ഇതോടെ ഓസീസ് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 387 റണ്‍സ് എന്ന നിലയിലായി. സ്‌മിത്തിന് പിന്നാലെ ക്രീസിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനും നിലയുറപ്പിക്കാനായില്ല. അഞ്ച് റണ്‍സ് മാത്രമെടുത്ത താരം റണ്‍ഔട്ടായി മടങ്ങുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ അലക്‌സ് ക്യാരിയും പാറ്റ് കമ്മിൻസും നിലയുറപ്പിച്ച് കളിച്ചു.
എന്നാൽ 48 റണ്‍സ് നേടിയ അലക്‌സ് ക്യാരിയെ ജഡേജയും പാറ്റ് കമ്മിൻസിനെ (9) മുഹമ്മദ് സിറാജും പുറത്താക്കി. ഒടുവിൽ നാഥൻ ലിയോണിനെയും (9) പുറത്താക്കി സിറാജ് ഓസീസ് ഇന്നിങ്‌സിന് തിരശ്ശീലയിടുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
നേരത്തെ ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ദിനത്തിന്‍റെ നാലാം ഓവറിൽ ഓപ്പണർ ഉസ്‌മാൻ ഖവാജയെ (0) പുറത്താക്കി ഇന്ത്യ മേൽക്കൈ നേടിയെങ്കിലും പിന്നീട് ഓസ്‌ട്രേലിയ മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.
ALSO READ :WTC Final | 'ബാറ്റര്‍മാര്‍ തിരിച്ചടിക്കും, ഇന്ത്യ ശക്തമായി തിരിച്ചുവരും...'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിങ്