മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരായ വിജയത്തോടെ ഐസിസിയുടെ നാല് കിരീടങ്ങളും നേടുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു. ലണ്ടനിലെ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതിന് പിന്നാലെ ടീം തെരഞ്ഞെടുപ്പിലും ക്യാപ്റ്റന്‍സിയിലും വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ സെലക്‌ടർ സരൺദീപ് സിങ്.
"ക്യാപ്റ്റൻസിയിൽ ചില വീഴ്‌ചകൾ ഉണ്ടായിരുന്നുവെന്ന് നമുക്ക് പറയാം. വിരാട് കോലിയുടെ ആക്രമണോത്സുകത നമുക്കെല്ലാവര്‍ക്കും ശീലമാണ്. ടീം പ്രതിരോധത്തിലാവുമ്പോള്‍ ക്യാപ്റ്റൻ അവരുടെ മനോവീര്യം വർദ്ധിപ്പിക്കും. എന്നാൽ രോഹിത് ശർമ്മ തികച്ചും വ്യത്യസ്‌തനാണ്", സരൺദീപ് സിങ് പറഞ്ഞു.
ALSO READ: TNPL 2023| ഒരു ഓവറിലല്ല, ഒരു പന്തില്‍ 18 റണ്‍സ്; നാണക്കേടിന്‍റെ റെക്കോഡ് ടിഎന്‍പിഎല്ലില്‍
പ്ലേയിങ് ഇലവനില്‍ പിഴച്ചു:രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍റെ ഭാഗമാകേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "അത് രോഹിത് ശർമ്മയുടെ തെറ്റല്ല... ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നമ്മള്‍ തോറ്റു. എല്ലാവരും അസ്വസ്ഥരാണ്. ഒന്നാമതായി, നമ്മുടെ പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുപ്പ് തന്നെ തെറ്റാണ്.
രവിചന്ദ്രൻ അശ്വിൻ ഒരു മികച്ച ബോളറാണ്, അദ്ദേഹത്തിന് വിക്കറ്റുകൾ വീഴ്ത്താൻ കഴിയും. ഓസ്‌ട്രേലിയന്‍ നിരയില്‍ അഞ്ച് ഇടങ്കയ്യന്‍ ബാറ്റര്‍മാരുണ്ടായിരുന്നു. റൺസ് നേടിയ ട്രാവിസ് ഹെഡും ഒരു ഇടങ്കയ്യനായിരുന്നു. അതിനാൽ അശ്വിൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇതായിരിക്കില്ല കഥ", അദ്ദേഹം കൂട്ടിച്ചേർത്തു.