ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്ന ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റണ്‍സൊഴുകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യ ഓസ്‌ട്രേലിയ കലാശപ്പോരാട്ടത്തിന് മുന്‍പ് സ്റ്റാര്‍സ്‌പോര്‍ട്‌സ് നടത്തിയ പ്രത്യേക പരിപാടിയില്‍ സാംസാരിക്കവെയാണ് രോഹിതിന്‍റെ പ്രതികരണം. ഇംഗ്ലണ്ടില്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായ പിച്ചുകളിലൊന്നാണ് ഓവലിലേതെന്നും രോഹിത് പറഞ്ഞു.
'കാലാവസ്ഥ മാറിക്കൊണ്ടേയിരിക്കും. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധിച്ചുവേണം ഒരോ കാര്യങ്ങളും തീരുമാനിക്കാന്‍. ഇക്കാര്യമാണ് ഈ ഫോര്‍മാറ്റില്‍ നേരിടുന്ന വലിയ വെല്ലുവിളി.
ശ്രദ്ധയോടെ മാത്രം വേണം ബോളര്‍മാരെ നേരിടാന്‍. എപ്പോഴും എന്തിനും തയ്യാറായിരിക്കണം. നിങ്ങളുടെ ശക്തി എവിടെയാണെന്ന് കൃത്യമായി മനസിലാക്കണം.
ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ബാറ്റിങ് വിക്കറ്റുകളില്‍ ഒന്നാണിത്. ഇവിടെ എങ്ങനെ റണ്‍സ് കണ്ടെത്തണം എന്ന് അറിയാവുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.
ബാറ്റര്‍മാരുടെ ഓരോ ഷോട്ടിനും അതിന്‍റേതായ മൂല്യം ലഭിക്കും. സ്ക്വയര്‍ ബൗണ്ടറികളിലേക്ക് പന്ത് വേഗത്തില്‍ എത്തും. അത് തന്നെ വിജയം സ്വന്തമാക്കാന്‍ വേണ്ട മികച്ച അവസരം സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്' -രോഹിത് ശര്‍മ പറഞ്ഞു.
പരിപാടിയില്‍, ടെസ്റ്റ് ക്രിക്കറ്റിനെ താന്‍ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇന്ത്യന്‍ നായകന്‍ മറുപടി നല്‍കി. 'ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ഫോര്‍മാറ്റാണിത്. ക്യാപ്‌റ്റനെന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും അതിന്‍റെ വെല്ലുവിളി കൂടിക്കൊണ്ടേയിരിക്കും.
അതിനെ മറികടന്ന് പോകാനാണ് ശ്രമം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ പോരാട്ടമാണ്. കഴിഞ്ഞ 3-4 വര്‍ഷങ്ങളായി ലോകമെമ്പാടും ഒരുപാട് ജയങ്ങള്‍ സ്വന്തമാക്കാന്‍ ഞങ്ങളുടെ ടീമിനായി. ഇനി മുന്നിലുള്ള ലക്ഷ്യം ഈ അവസാന കടമ്പ കടക്കുക എന്നത് മാത്രമാണ്' -രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
Also Read:Video | 'സൂപ്പര്‍സ്റ്റാര്‍, പ്രതിഭ'; കോലിയെക്കുറിച്ചുള്ള ഐസിസിയുടെ ചോദ്യത്തിന് ഓസീസ് താരങ്ങളുടെ മറുപടി
ഈ വരുന്ന ബുധനാഴ്‌ചയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഇരുടീമും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം മത്സരം നടക്കുന്ന ഓവല്‍ സ്റ്റേഡിയത്തിലും പരിശീലനത്തിനിറങ്ങി.
ഓവലില്‍ ടീം പരിശീലനത്തിനിറങ്ങിയ വിവരം ബിസിസിഐ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്തുവിട്ടത്. അതേസമയം, ഫൈനല്‍ മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ടിലെ ആഭ്യന്തര ടീമുകളുമായി പരിശീലന മത്സരം കളിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഇന്‍ട്രസ്ക്വാഡ് മത്സരമായിരിക്കും രോഹിതും സംഘവും കലാശപ്പോരിന് മുന്‍പ് കളിക്കുക.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍, യശസ്വി ജയ്‌സ്വാള്‍