ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ പോരടിക്കുന്നതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലിൽ ജൂണ്‍ ഏഴിനാണ് മത്സരം. ആവേശപ്പോരിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇന്ത്യയുടെ പ്ലേയിങ് ഇലവനുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും സജീവമാണ്.
പേസര്‍മാരെ പിന്തുണയ്‌ക്കുന്ന ഇംഗ്ലീഷ് സാഹചര്യത്തില്‍ ഇന്ത്യന്‍ ബോളിങ് യൂണിറ്റുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ചര്‍ച്ചകളും നടക്കുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രൻ അശ്വിനും ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്ലേയിങ് ഇലവന്‍റെ ഭാഗമാകാൻ കഴിയുമോയെന്നതാണ് പ്രധാന സംസാര വിഷയം. ആരാധകരും വിദഗ്ധരും ഉള്‍പ്പെടെയുള്ളവരില്‍ ചിലര്‍ ഇടങ്കയ്യനായ ജഡേജയ്‌ക്ക് ഒപ്പം നില്‍ക്കുമ്പോള്‍ മറ്റ് ചിലരാവരട്ടെ വലങ്കയ്യന്‍ സ്‌പിന്നറായ അശ്വിനൊപ്പമാണ് നില്‍ക്കുന്നത്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്. ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് ജഡേജയെയും അശ്വിനെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിക്കി പോണ്ടിങ് വിശ്വസിക്കുന്നത്.
"അവർ ജഡേജയെയും അശ്വിനെയും തെരഞ്ഞെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ജഡേജയ്ക്ക് ആറാം നമ്പറില്‍ ബാറ്റിങ് തുടരാം. അവന്‍റെ ബാറ്റിങ് ഏറെ മെച്ചപ്പെട്ടു, ആവശ്യമെങ്കിൽ കുറച്ച് ഓവർ ബോള്‍ ചെയ്യാന്‍ കഴിയുന്ന ഒരു ബാറ്ററായി അവർക്ക് അവനെ തെരഞ്ഞെടുക്കാനാകും", പോണ്ടിങ് പറഞ്ഞു. ഐസിസി റിവ്യൂവിലാണ് പോണ്ടിങ്ങിന്‍റെ പ്രതികരണം.
ബോളിങ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കാര്യമെടുത്താൽ, ജഡേജയേക്കാൾ മികച്ച തെരഞ്ഞെടുപ്പാണ് അശ്വിൻ എന്നാണ് പോണ്ടിങ് പറയുന്നത്. ടെസ്റ്റ് ബോളര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജയേക്കാള്‍ കൂടുതൽ വൈദഗ്ധ്യവും മികവും അശ്വിനാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. "ജഡേജ എന്താണോ, അതിനേക്കാള്‍ വൈദഗ്ധ്യവും മികവുമുള്ള ടെസ്റ്റ് ബൗളറാണ് അശ്വിൻ എന്നതിൽ സംശയമില്ല", റിക്കി പോണ്ടിങ് പറഞ്ഞു.
ജഡേജയും അശ്വിനും പ്ലേയിങ് ഇലവനിലുണ്ടെങ്കില്‍ മത്സരത്തിന്‍റെ നാലാം ദിനത്തിലും അഞ്ചാം ദിനത്തിലും പന്ത് തിരിയാൻ തുടങ്ങുമ്പോൾ ഇരുവര്‍ക്കും ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞുവെങ്കിലും ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു.
ഇക്കുറി ഓസീസിനെതിരെ ഇറങ്ങുമ്പോള്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം പിടിച്ചെടുക്കാന്‍ ഉറച്ചാവും ഇന്ത്യ ഇറങ്ങുക. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ജഡേജയെയും അശ്വിനെയും ടീം മാനേജ്‌മെന്‍റ് ഉള്‍പ്പെടുത്തിയിരുന്നു. മത്സരത്തില്‍ അശ്വിൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരെണ്ണം മാത്രമേ ജഡേജയ്ക്ക് നേടാന്‍ കഴിഞ്ഞിരുന്നൊള്ളു.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ ഓസ്‌ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതും എത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. 19 കളികളിൽ നിന്ന് 152 പോയിന്‍റ് നേടിയായിരുന്നു ഓസ്‌ട്രേലിയ ടേബിൾ ടോപ്പർമാരായത്. രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യയ്‌ക്ക് 18 മത്സരങ്ങളിൽ നിന്നും 127 പോയിന്‍റുകളാണ് ഉണ്ടായിരുന്നത്.
ALSO READ:WTC Final | 'കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല'; ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാക്കി ആകാശ് ചോപ്ര