ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ശുഭ്‌മാന്‍ ഗില്ലിന്‍റെ വിവാദ വിക്കറ്റില്‍ പ്രതികരണവുമായി മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്. ക്യാച്ച് കൈപ്പിടിയിലൊതുക്കുന്ന സമയം ഫീല്‍ഡര്‍ പന്ത് നിയന്ത്രിക്കുന്നുണ്ടോ എന്ന അമ്പയര്‍മാരുടെ വ്യഖ്യാനത്തെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം ഉണ്ടാകുന്നതെന്ന് പോണ്ടിങ് പറഞ്ഞു. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ പോരാട്ടത്തിന്‍റെ നാലാം ദിനത്തിലായിരുന്നു ഗില്ലിന്‍റെ വിവാദ പുറത്താകലുണ്ടായത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. രണ്ടാം ഇന്നിങ്‌സിന്‍റെ എട്ടാം ഓവറില്‍ സ്‌കോര്‍ 41ല്‍ നില്‍ക്കെയായിരുന്നു ഇന്ത്യയ്‌ക്ക് ശുഭ്‌മാന്‍ ഗില്ലിനെ നഷ്‌ടമായത്. 18 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ താരത്തിന്‍റെ സമ്പാദ്യം.
സ്‌കോട്ട് ബോളണ്ടാണ് ഗില്ലിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. ബോളണ്ടിന്‍റെ തകര്‍പ്പനൊരു പന്ത് ഗില്ലിന്‍റെ ബാറ്റില്‍ തട്ടി സ്ലിപ്പിലേക്കെത്തി. അവിടെ ഫീല്‍ഡ് ചെയ്‌തിരുന്ന ഗ്രീന്‍ അല്‍പം പണിപ്പെട്ട് ആ പന്ത് കൈപ്പിടിയിലാക്കിയത്.
ക്യാച്ച് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഗ്രീന്‍ പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്യിപ്പിച്ചെന്നും ഇല്ലെന്നുമുള്ള വാദം ഇതിന് പിന്നാലെ തന്നെ ആരംഭിച്ചിരുന്നു. പന്ത് നിലത്തുതട്ടിയിലരുന്നോ ഇല്ലയോ എന്ന സംശയം അംപയര്‍മാര്‍ക്കും ക്രീസിലുണ്ടായിരുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, ഏറെ നേരത്തെ പരിശോധനകള്‍ക്കൊടുവില്‍ ഇന്ത്യയ്‌ക്ക് പ്രതികൂലമായി അംപയര്‍ വിധിയെഴുതുകയായിരുന്നു.
പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും ഏറ്റുമുട്ടി. തേര്‍ഡ് അംപയറിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇതില്‍ പ്രതികരണവുമായി റിക്കി പോണ്ടിങ് രംഗത്തെത്തിയത്.