സതാപ്ടണ്‍: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ അഞ്ചാം ദിന മത്സരം ആരംഭിച്ചു. ചാറ്റല്‍ മഴയെത്തുടര്‍ന്ന് ആദ്യ സെഷനില്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. മത്സരം നിശ്ചയിച്ചിരുന്ന സമയത്തിന് 20 മിനിട്ട് മുമ്പായിരുന്നു ചാറ്റല്‍ മഴ തുടങ്ങിയത്.
നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 217 റൺസിന് മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്. 12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ.
ഓപ്പണർമാരായ ടോം ലാഥം, ഡെവൻ കോൺവേ എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 104 പന്തിൽ 30 റൺസെടുത്ത ടോം ലാഥം അശ്വിന്‍റെ പന്തിൽ വിരാട് കോലി പിടിച്ച് പുറത്താവുകയായിരുന്നു. അതേസമയം മത്സരം ഇംഗ്ലണ്ടില്‍ വെച്ചതിനെതിരെ മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്തെത്തിയിരുന്നു. മഴകളിക്കുന്ന പശ്ചാത്തലത്തിലാണ് പീറ്റേഴ്‌സണിന്‍റെ പ്രതികരണം. ഇത് സംബന്ധിച്ച് ഒന്നിലേറെ ട്വീറ്റുകള്‍ താരം നടത്തിയിട്ടുണ്ട്.
also read: 'ഇത് വേദനിപ്പിക്കുന്നു'; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടിലായതിനെതിരെ പീറ്റേഴ്‌സണ്‍
സാഹചര്യങ്ങള്‍ ശരിക്കും വേദനിപ്പിക്കുന്നതായും ഇത്രയും പ്രധാനപ്പെട്ട ആവേശകരമാവേണ്ട ഫൈനല്‍ മത്സരം ഐസിസി ഇംഗ്ലണ്ടില്‍ വയ്ക്കരുതായിരുന്നുവെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ഐസിസിയില്‍ താനാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ദുബായിലായിരിക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പോലെയുള്ള മത്സരങ്ങള്‍ നടത്തുകയെന്നും താരം പറഞ്ഞു.