സതാംപ്ടൺ : ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ വില്ലനാവുന്നു. മഴയെ തുടര്‍ന്ന് ഒരു പന്തുപോലുമെറിയാനാവാതെ നാലാം ദിനത്തിലെ കളി ഉപേക്ഷിച്ചു. ട്വിറ്ററിലൂടെ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനവും പൂർണമായും മഴയെടുത്തിരുന്നു. രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിർത്തുകയും ചെയ്തു. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 217 റൺസിന് മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്.
12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ. ഓപ്പണർമാരായ ടോം ലാഥം, ഡെവൻ കോൺവേ എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 104 പന്തിൽ 30 റൺസെടുത്ത ടോം ലാഥം അശ്വിൻറെ പന്തിൽ വിരാട് കോലി പിടിച്ച് പുറത്താവുകയായിരുന്നു.
also read: ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഹീറോയായി പിന്നാലെ കൊവിഡും, ഗില്‍മർ നിരീക്ഷണത്തില്‍
153 പന്തിൽ 54 റൺസെടുത്ത ഡെവൻ കോൺവേയെ ഇശാന്ത് ശർമ്മയുടെ പന്തിൽ മുഹമ്മദ് ഷമിയും പിടികൂടി. ഇന്ത്യൻ നിരയിൽ 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ടോപ്പ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോലി 44 റൺസെടുത്തു. ന്യൂസിലൻഡിനായി കെയ്ൽ ജാമിസൺ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.