ഓവൽ :ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ കൂറ്റൻ ലീഡിലേക്ക്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 123 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയക്ക് നിലവിൽ 296 റണ്‍സിന്‍റെ ലീഡുണ്ട്. മാർനസ് ലബുഷെയ്‌ൻ (41), കാമറൂണ്‍ ഗ്രീൻ (7) എന്നിവരാണ് ക്രീസിൽ.
രണ്ടാം ഇന്നിങ്‌സിന്‍റെ തുടക്കത്തിൽ തന്നെ ഡേവിഡ് വാർണറെ മടക്കി വമ്പൻ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങൾ ഇന്ത്യ കാട്ടിയിരുന്നു. വെറും ഒരു റണ്‍സ് മാത്രമെടുത്ത വാർണറെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഉസ്‌മാൻ ഖവാജയേയും മടക്കി ഇന്ത്യ ഓസീസിന് ഇരട്ട പ്രഹരം നൽകി.
13 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവാണ് മടക്കിയത്. ഇതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുമെന്ന തോന്നലുണ്ടാക്കി. എന്നാൽ പിന്നീടൊന്നിച്ച മാർനസ് ലബുഷെയ്‌നും സ്റ്റീവ് സ്‌മിത്തും ചേർന്ന് ഓസീസിനെ പതിയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടെ ടീം സ്‌കോർ 86ൽ നിൽക്കെ അപകടകാരിയായ സ്റ്റീവ് സ്‌മിത്തിനെ ജഡേജ ശാർദുൽ താക്കൂറിന്‍റെ കൈകളിലെത്തിച്ചു.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സ്‌മിത്ത് 47 പന്തിൽ 34 റണ്‍സ് നേടിയാണ് പുറത്തായത്. തുടർന്നൊന്നിച്ച ട്രാവിസ് ഹെഡിനെ കൂട്ടുപിടിച്ച് ലബുഷെയ്‌ൻ ഓസീസ് സ്‌കോർ 100 കടത്തി. തുടർന്നും ജഡേജ ഓസീസിന് മേൽ അപകടം വിതച്ചു. ഒന്നാം ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡായിരുന്നു (18) ഇത്തവണ ജഡേജയുടെ ഇര. സ്വന്തം പന്തിൽ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് താരം ഹെഡിനെ മടക്കിയത്.
പൊരുതി നിന്ന് രഹാനയും ശാർദുലും : നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഓസീസിന്‍റെ 469 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. അജിങ്ക്യ രഹാനെ (89), ശാർദുൽ താക്കൂർ (51), രവീന്ദ്ര ജഡേജ (48) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. മുൻനിര ബാറ്റർമാർ വീണപ്പോഴും കരുത്തോടെ പോരാടി നിന്ന മൂവരും ചേർന്ന് ഇന്ത്യയെ ഫോളോ ഓണ്‍ വഴങ്ങാതെ രക്ഷപ്പെടുത്തുകയായിരുന്നു.
അഞ്ചാം വിക്കറ്റില്‍ ജഡേജയ്‌ക്കൊപ്പം 71 റണ്‍സും, ശാര്‍ദുലിനൊപ്പം ഏഴാം വിക്കറ്റില്‍ 109 റണ്‍സുമാണ് രഹാനെ കൂട്ടിച്ചേര്‍ത്തത്. അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 151 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്‌ടമായി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേർക്കാനാകാതെ ശ്രീകർ ഭരത് (5) ക്ലീൻ ബൗൾഡാവുകയായിരുന്നു.
തുടർന്ന് ക്രീസിലൊന്നിച്ച രഹാനെയും ശാർദുലും ചേർന്ന് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയിൽ നിന്ന് രക്ഷപ്പെടുത്തി. രഹാനയെ മടക്കി പാറ്റ് കമ്മിൻസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 11 ഫോറും ഒരു സിക്‌സും ഉൾപ്പെടെയാണ് രഹാനെ 89 റണ്‍സ് നേടിയത്. ഇതോടെ ഇന്ത്യ ഏഴിന് 261 റണ്‍സ് എന്ന നിലയിലെത്തി. തുടർന്ന് ക്രീസിലെത്തിയ ഉമേഷ് യാദവിനും (5) നിലയുറപ്പിക്കാനായില്ല.
പിന്നാലെ മുഹമ്മദ് ഷമിയെക്കൂടി (13) പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ ഇന്നിങ്‌സിന് തിരശ്ശീലയിടുകയായിരുന്നു. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയയ്‌ക്കായി നായകൻ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ സ്റ്റാർക്ക്, സ്‌കോട്ട് ബൊലാന്‍ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.