ഓവല്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോടായിരുന്നുവെങ്കില്‍ ഇത്തവണ ഓസ്‌ട്രേലിയയോടായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 209 റണ്‍സിനായിരുന്നു ഇന്ത്യയുടെ കീഴടങ്ങല്‍.
രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റൺസിന് പുറത്താകുകയായിരുന്നു. മത്സരത്തിന്‍റെ അഞ്ചാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. വിരാട് കോലിയും അജിങ്ക്യ രഹാനെയും ക്രീസില്‍ നില്‍ക്കെ ഇന്ത്യയ്‌ക്ക് പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍ തുടക്കം തന്നെ കോലി വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഇന്ത്യയുടെ ആണിക്കല്ലിളകി. സ്‌കോട്ട് ബോലന്‍ഡിന്‍റെ ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തില്‍ കവര്‍ ഡ്രൈവ് കളിച്ച കോലി എഡ്‌ജായി സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. തലേന്ന് നേടിയ 44 റണ്‍സ് എന്ന വ്യക്തിഗത സ്കോറിനോട് വെറും അഞ്ച് റണ്‍സ് മാത്രമായിരുന്നു കോലിക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.
ബാക്കിയുള്ളവര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യയെ തേടി അനിവാര്യമായ തോല്‍വിയും എത്തി. ഇതിന് പിന്നാലെ വിരാട് കോലിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്‌കർ പ്രതികരിച്ചത്. വ്യക്തിഗതമായ നേട്ടത്തെക്കുറിച്ച് ചിന്തിച്ചതിനാലാവാം വിരാട് കോലി അനാവശ്യ ഷോട്ട് കളിച്ച് പുറത്തായതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
"ഓഫ് സ്റ്റംപിന് പുറത്തുള്ള ബോളില്‍ തീര്‍ത്തും സാധാരണമായ ഒരു ഷോട്ടായിരുന്നുവത്. അതുവരെ അത്തരം പന്തുകള്‍ അവന്‍ ഒഴിവാക്കുകയായിരുന്നു. ഒരുപക്ഷെ തന്‍റെ അർധ സെഞ്ചുറിയിലേക്ക് എത്താന്‍ ഒരു റണ്‍സ് വേണമെന്ന് അവന് ബോധമുണ്ടായിരിക്കണം.