ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നാളെ ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ഓസ്ട്രേലിയയാണ് എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് മൂന്ന് മുതല്‍ക്കാണ് (പ്രാദേശിക സമയം രാവിലെ 11 മണി) മത്സരം ആരംഭിക്കുക.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ കിരീടം തേടിയാണ് ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ ഫൈനലില്‍ എത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു. അന്ന് കയ്യകലത്തില്‍ നഷ്‌ടപ്പെട്ട കിരീടം നേടിയെടുക്കാനുറച്ചാവും ഇക്കൂറി ഇന്ത്യ ഇറങ്ങുക. ഓസീസിനിത് ആദ്യ ഫൈനലാണ്.
രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യയുടെ കരുത്ത് ബാറ്റിങ്ങാണ്. രോഹിത്തിനൊപ്പം മിന്നും ഫോമിലുള്ള ശുഭ്‌മാന്‍ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് പ്രധാനികള്‍. പേസര്‍മാരെ പിന്തുണയ്‌ക്കുന്ന ഓവലില്‍ ജസ്പ്രിത് ബുംറയുടെ അഭാവം ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. എന്നാല്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും തിളങ്ങിയാല്‍ ഏതു ബാറ്ററുടേയും മുട്ടിടിപ്പിക്കാന്‍ സാധിക്കും.
പേസ് യൂണിറ്റില്‍ ബാക്കിയുള്ള സ്ഥാനത്തിനായി ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, ജയ്‌ദേവ് ഉനദ്‌ഘട്ട് എന്നിവര്‍ തമ്മിലാണ് മത്സരം. രണ്ട് സ്‌പിന്നര്‍മാരുമായി കളിക്കാന്‍ തീരുമാനിച്ചാല്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ഒന്നിച്ച് കളിക്കാന്‍ ഇറങ്ങും. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി കെഎസ് ഭരത്, ഇഷാൻ കിഷന്‍ എന്നിവരില്‍ ആരാവും എത്തുകയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.
മറുവശത്ത് ഏത് ടീമിനെയും ഭയപ്പെടുത്തുന്ന നിരയാണ് ഓസ്‌ട്രേലിയയ്‌ക്കുള്ളത്. ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്മിത്ത് തുടങ്ങിയ താരങ്ങളാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാര്‍ക്ക്, നഥാൻ ലിയോണ്‍ എന്നിവരാണ് ബോളിങ് യൂണിറ്റിന്‍റെ ശക്തി.