ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിക്കുന്നത്. നാളെ ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് പോരടിക്കുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തങ്ങളുടെ രണ്ടാമത്തേയും ഓസ്‌ട്രേലിയ ആദ്യത്തേയും ഫൈനലിനാണിറങ്ങുന്നത്. ഐസിസി റാങ്കിങ്ങിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ഇന്ത്യയും ഓസീസും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കാവും വിജയമെന്നാണ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറ്റുനോക്കുന്നത്.
വിദഗ്‌ധരുള്‍പ്പെടെ നിരവധിപേര്‍ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തുന്നുണ്ട്. ഇതിനിടെ ഇന്ത്യയ്‌ക്ക് മേല്‍ ഓസ്‌ട്രേലിയയ്‌ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്ന് ഓസീസിന്‍റെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ പോണ്ടിങ്ങിന്‍റെ ഈ പ്രസ്‌താവനയ്‌ക്ക് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.
റിക്കി പോണ്ടിങ്ങിന് തന്‍റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ തങ്ങളുടെ ശക്തിയെക്കുറിച്ച് തങ്ങള്‍ക്ക് നന്നായി അറിയാമെന്നുമാണ് രോഹിത് പറഞ്ഞത്. "റിക്കി പോണ്ടിങ്ങിന് തന്‍റെ അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ട്. ഒരുപാട് വിദഗ്‌ധർ അത് ചെയ്യുന്നുമുണ്ട്. എന്നാല്‍ ഞങ്ങളുടെ ശക്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം", മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത്തിന്‍റെ വാക്കുകള്‍.
ലക്ഷ്യം കിരീടം തന്നെ: ഓരോ ക്യാപ്റ്റനും കിരീടം നേടാനാണ് ആഗ്രഹിക്കുന്നതെന്നും താനും വ്യത്യസ്‌തനല്ലെന്നും ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. "എല്ലാവരും ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരും കിരീടം നേടാൻ ആഗ്രഹിക്കുന്നു.
ഓരോ ക്യാപ്റ്റനും ചാമ്പ്യൻഷിപ്പുകൾ നേടാനാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഇക്കാര്യത്തില്‍ ഞാൻ വ്യത്യസ്‌തനല്ല. അടുത്ത അഞ്ച് ദിവസങ്ങൾ ഞങ്ങൾക്ക് നിർണായകമാണ്. മനസിലുള്ള കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാണ് ഞങ്ങള്‍ ശ്രമിക്കുന്നത്", രോഹിത് വ്യക്തമാക്കി.