ഓവല്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ തുടക്കമായിരിക്കുകയാണ്. ഇരു ടീമുകളെ നയിക്കാന്‍ ഇറങ്ങിയതോടെ തങ്ങളുടെ കരിയറില്‍ ഒരു നിര്‍ണായക നാഴികകല്ലില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും. ഇരുവരുടെയും 50-ാം ടെസ്റ്റ് മത്സരമാണിത്.
ഇതേവരെ കളിച്ച 49 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 45.66 ശരാശരിയിൽ 3,379 റൺസാണ് രോഹിത് അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതില്‍ 66.73 ശരാശരിയിൽ 2002 റൺസ് ഹോം ഗ്രൗണ്ടിലാണ് 36-കാരനായ രോഹിത് നേടിയത്. ഒമ്പത് സെഞ്ചുറികളും 14 അർധസെഞ്ചുറികളുമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഇതില്‍ എട്ട് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും സ്വന്തം മണ്ണിലാണ് രോഹിത് നേടിയത്.
എന്നാല്‍ ഇംഗ്ലണ്ടിൽ മികച്ച ശരാശരിയാണ് രോഹിത് നിലനിർത്തിയത്. ആറ് മത്സരങ്ങളിൽ നിന്ന് 42.36 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും സഹിതം 466 റൺസാണ് താരം നേടിയത്. 127 റണ്‍സാണ് മികച്ച സ്‌കോർ. ഓസ്‌ട്രേലിയയ്‌ക്കെതിരെയും താരത്തിന് മികച്ച റെക്കോഡുണ്ട്. 11 ടെസ്റ്റുകളിൽ നിന്ന് 34.21 ശരാശരിയിൽ 650 റൺസാണ് താരം നേടിയത്.
20 ഇന്നിങ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറികളും കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 120 റൺസാണ് ഓസീസിനെതിരെ രോഹിത്തിന്‍റെ മികച്ച സ്‌കോർ. അതേസമയം ഓപ്പണര്‍ എന്ന നിലയിലാണ് രോഹിത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. ടെസ്റ്റിൽ ഓപ്പണറായി 24 മത്സരങ്ങളിൽ നിന്ന് 52.76 ശരാശരിയിൽ 1794 റൺസാണ് താരം നേടിയത്. നോണ്‍ ഓപ്പണര്‍ എന്ന നിലയില്‍ 25 മത്സരങ്ങളില്‍ നിന്നും 54.57 ശരാശരിയിൽ 1,037 റൺസാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
ഓസ്‌ട്രേലിയയുടെ പ്രധാന ബോളറായ കമ്മിൻസാവട്ടെ ഇതേവരെ 21.50 ശരാശരിയിൽ 217 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇതില്‍ എട്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ കമ്മിന്‍സിനായിട്ടുണ്ട്. ബാറ്റുകൊണ്ടും ഓസീസിന് മുതല്‍ക്കൂട്ടാവാന്‍ താരത്തിന് കഴിഞ്ഞു.