ഓവല്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ തുടക്കമായിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുത്തതോടെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരെ അനുസ്‌മരിച്ചുകൊണ്ട് കയ്യില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത്. ഓസീസ് താരങ്ങളും ആംബാന്‍ഡ് അണിഞ്ഞിട്ടുണ്ട്.
അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരു ടീമുകളും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്‌തിരുന്നു. ജൂണ്‍ രണ്ടിന് വൈകിട്ട് ഒഡിഷയിലെ ബാലസോറിലെ ബഹനാഗ ബസാർ പ്രദേശത്താണ് രാജ്യത്തെ നടക്കിയ ട്രെയിന്‍ അപകടമുണ്ടായത്. ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്, കോറോമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ 275 പേർക്ക് ജീവന്‍ നഷ്‌ടപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് ഔദ്യോഗിക കണക്ക്. ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ ഷാലിമാർ-ചെന്നൈ കോറോമണ്ഡല്‍ എക്‌സ്‌പ്രസ് പാളം തെറ്റി നിർത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രെയിനിലെ 10-12 കോച്ചുകളാണ് പാളം തെറ്റി എതിർ ട്രാക്കിലേക്ക് നീങ്ങിയത്.
പിന്നീട് യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്‌സ്‌പ്രസ് അതിവേഗത്തിൽ അപകടത്തിൽപ്പെട്ട വണ്ടികളുമായി കൂട്ടിയിടിച്ചത് അപകടത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ചു. ഇലക്‌ട്രോണിക് ഇന്‍റര്‍ലോക്കിങ്ങിലെ മാറ്റത്തെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചത്.