മുംബൈ: വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഏറെ വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനുറച്ചാവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ ഇറങ്ങുക. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലിൽ നടക്കുന്ന ഫൈനലിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.
ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങി. അന്ന് വിരാട് കോലിക്ക് കീഴിലായിരുന്നു ഇന്ത്യ കളിച്ചത്. ഇത്തവണ രോഹിത് ശര്‍മയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യയ്‌ക്ക് കിരീടം ഉയര്‍ത്താനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസീസ് പേസര്‍മാരാവും ഇന്ത്യന്‍ നിരക്ക് കനത്ത വെല്ലുവിളിയാവുക.
ഇതിനിടെ ആരാധകരെ അല്‍പം ആശങ്കയിലാക്കുന്ന പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്ററും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. അടുത്ത കാലത്തായി ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഇന്ത്യൻ ബാറ്റർമാർക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇന്ത്യൻ ടീം ഒരുമിച്ച് കളിക്കുകയും, ടെസ്റ്റ് മത്സരങ്ങൾ കളിക്കുകയും ചെയ്‌തിട്ട് രണ്ട് മാസത്തിലേറെയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇത്തരം സാഹചര്യങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റ് വളരെക്കാലമായി കളിക്കുന്നില്ല. വാസ്‌തവത്തിൽ, ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ട് വളരെക്കാലമായി. കഴിഞ്ഞ രണ്ട് മാസമായി തുടര്‍ച്ചയായി ടി20 ക്രിക്കറ്റാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഏറെ വ്യത്യസ്‌തമായ ടെംപ്ലേറ്റാണ് ടി20യ്‌ക്ക് ഉള്ളത്. കൂടാതെ അവര്‍ ഒന്നിച്ച് കളിച്ചിട്ടും രണ്ടര മാസമായി. ഓസ്‌ട്രേലിയയ്‌ക്കും സമാനമായ കഥയാണുള്ളത്". ആകാശ് ചോപ്ര പറഞ്ഞു.
വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ തുടങ്ങിയ ഇന്ത്യയുടെ പ്രധാന ബാറ്റര്‍മാര്‍ക്ക് അടുത്ത കാലത്തായി ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. "കഴിഞ്ഞ രണ്ടര മാസത്തിനിടെ ടി20 കളിക്കുന്നതില്‍ അതും വ്യത്യസ്‌ത ടീമുകൾക്കായി കളിച്ചുവെന്നതില്‍ ഒരു അപകടമുണ്ട്.
രണ്ടാമതായി, ഇംഗ്ലീഷ് സാഹചര്യങ്ങളിൽ നമ്മുടെ പ്രധാന ബാറ്റര്‍മാരായ വിരാട് കോലിയോ അജിങ്ക്യ രഹാനെയോ ചേതേശ്വര്‍ പൂജാരയോ മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്". ചോപ്ര പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതേവരെ 108 മത്സരങ്ങള്‍ കളിച്ച വിരാട് കോലിയുടെ ശരാശരി 55.32 ആണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇതേവരെയുള്ള താരത്തിന്‍റെ ശരാശരി 27.66 ആണ്.
ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഗുണനിലവാരമുള്ള ഓസ്‌ട്രേലിയൻ ബോളിങ് ആക്രമണത്തിനെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വേഗം താളം കണ്ടെത്തേണ്ടതുണ്ട്. അല്ലെങ്കില്‍ മത്സരം തന്നെ കയ്യിൽ നിന്ന് വഴുതിപ്പോവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "വിദേശ സാഹചര്യങ്ങളിലേക്ക് പോകുമ്പോൾ, ആദ്യ മത്സരത്തിൽ താളം കണ്ടെത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കുറച്ച് സമയമെടുക്കും.
പലതവണ ഇക്കാര്യം സംഭവിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഓസ്‌ട്രേലിയയെ നേരിടുന്നത് പ്രയാസമാണ്. പച്ചപ്പുള്ള പിച്ച് പേസര്‍മാര്‍ക്ക് ഏറെ പിന്തുണ നല്‍കും. ഓസീസ് പേസര്‍മാര്‍ക്കെതിരെ താളം കണ്ടെത്തുന്ന സമയം വരെ മത്സരം നിങ്ങളുടെ കയ്യിൽ നിന്ന് വഴുതിപ്പോവാൻ സാധ്യതയുണ്ട്", ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓവലില്‍ ഓസീസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ 10 വര്‍ഷത്തെ കാത്തിരിപ്പാവും അവസാനിക്കുക.
ALSO READ: WTC Final | 'ആശങ്ക ആറാം നമ്പറില്‍, രണ്ട് സ്‌പിന്നര്‍മാരെയും കളിപ്പിക്കണം'; സുനില്‍ ഗവാസ്‌കറിന്‍റെ ഇന്ത്യൻ ടീം ഇതാണ്..