കേരളം

kerala

ETV Bharat / sports

WTC Final | ശാര്‍ദുലിനെ കൂട്ടുപിടിച്ച് രഹാനെ പൊരുതുന്നു; ഓസീസിനെതിരെ പ്രതീക്ഷ കൈവിടാതെ ഇന്ത്യ

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 209 റണ്‍സ് പിറകില്‍

WTC Final  india vs australia 3rd day score updates  india vs australia  ajinkya rahane  shardul thakur  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  അജിങ്ക്യ രഹാനെ  ശാര്‍ദുല്‍ താക്കൂര്‍  ഇന്ത്യ vs ഓസ്‌ട്രേലിയ
ഓസീസിനെതിരെ പ്രതീക്ഷ കൈവിടാതെ ഇന്ത്യ

By

Published : Jun 9, 2023, 5:26 PM IST

Updated : Jun 9, 2023, 5:56 PM IST

ഓവല്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈലനില്‍ ഓസ്‌ട്രേലിയയുടെ ലീഡ് കുറയ്‌ക്കാന്‍ ഇന്ത്യ പൊരുതുന്നു. മത്സരത്തിന്‍റെ മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 260 റണ്‍സ് എന്ന നിലയിലാണ്. അജിങ്ക്യ രഹാനെ (112 പന്തില്‍ 89*), ശാര്‍ദുല്‍ താക്കൂര്‍ (83 പന്തില്‍ 36*) എന്നിവരാണ് ക്രീസിലുള്ളത്.

ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സ് നേടിയ ഓസ്‌ട്രേലിയയേക്കാള്‍ 209 റണ്‍സ് പിറകിലാണ് നിലവില്‍ ഇന്ത്യയുള്ളത്. അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. അജിങ്ക്യ രഹാനെയും ശ്രീകര്‍ ഭരതുമാണ് കഴിഞ്ഞ ദിവസം പുറത്താവാതെ നിന്നിരുന്നത്.

എന്നാല്‍ തുടക്കത്തില്‍ തന്നെ ശ്രീകര്‍ ഭരത്തിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. മൂന്നാം ദിനത്തില്‍ ഒരു റണ്‍സ് പോലും ചേര്‍ക്കാന്‍ കഴിയാതിരുന്ന ഭരത്തിനെ സ്‌കോട്ട് ബോലാന്‍ഡ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് എത്തിയ ശാര്‍ദുലിനെ കൂട്ടുപിടിച്ചാണ് രഹാനെ ഇന്ത്യയ്‌ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അര്‍ധ സെഞ്ചുറി പിന്നിട്ട രഹാനെയ്‌ക്ക് ശാര്‍ദുല്‍ പിന്തുണ നല്‍കിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 250 റണ്‍സ് കടന്നത്. ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് ഇതുവരെ ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. ഇനി ഒമ്പത് റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യക്ക് ഫോളോഓണ്‍ ഒഴിവാക്കാം. രഹാനെ ഇതുവരെ ഒരു സിക്‌സും 11 ഫോറുകളും അടിച്ചപ്പോള്‍ നാല് ഫോറുകളാണ് ശാര്‍ദുല്‍ താക്കൂര്‍ നേടിയത്.

തുടക്കം തന്നെ തകര്‍ച്ച:വലിയ സ്‌കോര്‍ പിന്തുടരാനിങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ടീം ടോട്ടലില്‍ 30 റണ്‍സ് മത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും തിരിച്ച് കയറിയിരുന്നു. രോഹിത്താണ് (15 ) ആദ്യം വീണത്. രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ശുഭ്‌മാന്‍ ഗില്ലിനെ (13) സ്‌കോട്ട് ബോലാൻഡ് ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്‌തു.

തുടര്‍ന്ന് ഒന്നിച്ച ചേതേശ്വര്‍ പുജാരയിലും വിരാട് കോലിയിലും ഇന്ത്യയ്‌ക്ക് ഏറെ പ്രതീക്ഷ, ഉണ്ടായിരുന്നു. എന്നാല്‍ സാഹചര്യത്തേയും സമ്മര്‍ദത്തെയും അതിജീവിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. പുജാര (14) കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ വിരാട് കോലിയെ (14) മിച്ചല്‍ സ്റ്റാര്‍ക്ക് സ്റ്റീവ് സ്‌മിത്തിന്‍റെ കയ്യില്‍ എത്തിച്ചു. ഇതോടെ ഇന്ത്യ 71/4 എന്ന നിലയിലേക്ക് വീണു.

അഞ്ചാം വിക്കറ്റില്‍ അജിങ്ക്യ രഹാനയും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതോടെയാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടത്. 48 റണ്‍സ് നേടിയ ജഡേജയെ വീഴ്‌ത്തിയ നഥാന്‍ ലിയോണാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. രഹാനെയോടൊപ്പം 71 റണ്‍സ് ചേര്‍ത്തായിരുന്നു ജഡേജ മടങ്ങിയത്. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോലാൻഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

കരുത്തായി ഹെഡും സ്‌മിത്തും:നേരത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് മികച്ച നിലയില്‍ എത്തിച്ചത്. ഏകദിന ശൈലിയില്‍ കളിച്ച ട്രാവിസ് ഹെഡ് 163 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 121 റണ്‍സാണ് സ്റ്റീവ് സ്‌മിത്തിന്‍റെ സമ്പാദ്യം.

ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റുണ്ട്.

ALSO READ:ODI World Cup| ജിയോ സിനിമയ്‌ക്ക് മുട്ടന്‍ പണി; വമ്പന്‍ പ്രഖ്യാപനവുമായി ഡിസ്‌നി+ഹോട്സ്റ്റാര്‍

Last Updated : Jun 9, 2023, 5:56 PM IST

ABOUT THE AUTHOR

...view details