മുംബൈ:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനെക്കുറിച്ച് ചര്‍ച്ചകള്‍ അരങ്ങ് തകര്‍ക്കുകയാണ്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആര്‍ക്കാവും അവസരം ലഭിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരു താരങ്ങള്‍ക്കും തങ്ങളുടേതായ ശക്തിയും ദൗർബല്യവുമുണ്ട്.
ഇതോടെ ഭരത്തിന്‍റെയും ഇഷാന്‍ കിഷന്‍റേയും കാര്യത്തില്‍ വിദഗ്‌ധരുള്‍പ്പെടുള്ളവര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. ഇതിനിടെ വിഷയത്തില്‍ തന്‍റെ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്‍റെ നടപടി ശ്രദ്ധേയമാവുകയാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കെഎസ് ഭരതിനെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചര്‍ച്ചയ്‌ക്കിടെ ഹര്‍ഭജന്‍ സിങ് പറഞ്ഞത്. പരിചയസമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ഇഷാന് പകരം ഭരത്തിനെ കളിപ്പിക്കണമെന്നായിരുന്നു ഹര്‍ഭജന്‍ പറഞ്ഞിരുന്നത്.
വൃദ്ധിമാന്‍ സാഹ ഉണ്ടായിരുന്നെങ്കില്‍ താരത്തെ കളിപ്പിക്കാമായിരുന്നു. എന്നാല്‍ സാഹ ഇല്ലാത്ത സ്ഥിതിക്ക് ഭരത്തിന് അവസരം നല്‍കണം. കെഎല്‍ രാഹുല്‍ ഫിറ്റായിരുന്നുവെങ്കില്‍ രാഹുലിനെയാവും താന്‍ കളിപ്പിക്കുകയെന്നുമായിരുന്നു ഹര്‍ഭജന്‍റെ വാക്കുകള്‍.
എന്നാല്‍ ഇതിന് പിന്നാലെ തന്‍റെ യൂട്യൂബ് ചാനലിലുടെ പുറത്തുവിട്ട വീഡിയോയില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനെയാണ് ഹര്‍ഭജന്‍ പിന്തുണച്ചിരിക്കുന്നത്. ന്യൂബോള്‍ നേരിടാന്‍ മിടുക്കുള്ള താരമാണ് ഇഷാന്‍ കിഷനെന്നാണ് പുതിയ വീഡിയോയില്‍ ഹര്‍ഭജന്‍ വിശദീകരിക്കുന്നത്.
"ഭരത്തിനേക്കാൾ മികച്ച രീതിയിൽ ന്യൂബോള്‍ നേരിടാന്‍ ഇഷാൻ കിഷന് കഴിയും. ഇഷാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യയുടെ ബാറ്റിങ്ങിന് കൂടുതൽ ശക്തി പകരുമെന്നാണ് ഞാൻ കരുതുന്നത്. ഓപ്പണിങ് ബാറ്ററാണെന്നതും മികച്ച ഫോമിലാണെന്നതും ഇഷാന് അനുകൂലമാണ്. 80 ഓവറുകള്‍ക്ക് ശേഷം എതിര്‍ ടീം രണ്ടാമത്തെ ന്യൂബോള്‍ എടുക്കുമ്പോള്‍ ഭരത്തിനെക്കാള്‍ ഇഷാന്‍ ക്രീസിലുള്ളതാണ് നല്ലതെന്ന് തോന്നുന്നു" - ഹര്‍ഭജന്‍ സിങ് പറഞ്ഞു.
റിഷഭ് പന്തിനെപ്പോലെ അടിച്ചു തകര്‍ക്കാന്‍ ഇഷാന്‍ കിഷനു കഴിയുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണെങ്കിലും ഭരത്തിന്‍റെ ബാറ്റിങ്ങില്‍ തനിക്ക് ആത്മവിശ്വാസമില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. "റിഷഭ് പന്ത് ഒരു തകർപ്പൻ ബാറ്ററാണ്, ഇഷാനും അതേ നിലവാരം പുലർത്തുന്നു. വിക്കറ്റിന് പിന്നിൽ ഭരത് മികച്ചതാണെങ്കിലും, ഭരതിന്‍റെ ബാറ്റിങ്ങില്‍ എനിക്ക് വലിയ ആത്മവിശ്വാസമില്ല" ഹർഭജൻ വ്യക്തമാക്കി.
ഭരത്തിനെ പിന്തുണച്ച് ഗവാസ്‌കര്‍:അതേസമയം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ആറാം നമ്പറിലേക്ക് ഭരത്തിനെ പിന്തുണച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം കഴിഞ്ഞ കുറച്ചുകാലങ്ങളിലായി ഭരത്തുള്ളതിനാല്‍ താരത്തെ കളിപ്പിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.
"ഇഷാന്‍ കിഷനും കെഎസ് ഭരതുമാണ് ഇപ്പോള്‍ ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. ഉറപ്പായും ഇവരില്‍ ഒരാള്‍ തന്നെയാകും പ്ലേയിങ് ഇലവനിലെത്തുക. കെഎസ് ഭരത് കഴിഞ്ഞ കുറച്ചുകാലങ്ങളിലായി ടെസ്റ്റ് ടീമിനൊപ്പം ഉള്ളതുകൊണ്ട് തന്നെ അവനെ കളിപ്പിക്കണമെന്നാണ് പലരുടെയും അഭിപ്രായം. ഇതേ അഭിപ്രായക്കാരനാണ് ഞാനും". സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ALSO READ: WTC Final| 'വൈദഗ്ധ്യവും മികവും അവന്'; അശ്വിനോ ജഡേജയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി റിക്കി പോണ്ടിങ്