ഓവൽ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയുടെ റണ്‍മല പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ പ്രഹരമെന്നോണം ശുഭ്‌മാൻ ഗില്ലിന്‍റെ വിക്കറ്റ് നഷ്‌ടമായിരിക്കുകയാണ്. 18 റണ്‍സ് നേടിയ താരം സ്‌കോട്ട് ബോളണ്ടിന്‍റെ പന്തിലാണ് പുറത്തായത്. സ്ലിപ് ഫീൽഡറായ കാമറൂണ്‍ ഗ്രീനിനാണ് ഗില്ലിന്‍റെ ക്യാച്ച് ലഭിച്ചത്. ഇപ്പോൾ ഈ ക്യാച്ചിനെച്ചൊല്ലിയുള്ള വിവാദമാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്.
രണ്ടാം ഇന്നിങ്‌സിലെ എട്ടാം ഓവറിൽ ബോളണ്ടിന്‍റെ ആദ്യ പന്തിലാണ് ഗിൽ പുറത്താകുന്നത്. ബോളണ്ടിന്‍റെ തകർപ്പനൊരു പന്ത് ഗില്ലിന്‍റെ ബാറ്റിൽ തട്ടി സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കാമറൂണ്‍ ഗ്രീനിന്‍റെ അടുത്തേക്കെത്തി. താരം അത് ഒറ്റക്കയ്യിൽ കോരിയെടുത്ത് വിക്കറ്റ് ആഘോഷം തുടങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ക്യാച്ച് എടുക്കുന്നതിന് മുൻപ് പന്ത് മൈതാനത്ത് തട്ടിയിരുന്നോ എന്ന സംശയം ഗില്ലിനും അമ്പയർമാർക്കും ഉണ്ടായി.
തുടർന്ന് തേർഡ് അമ്പയറുടെ പരിശോധനയിൽ ബോൾ മൈതാനത്ത് തട്ടി എന്ന രീതിയിലാണ് ദൃശ്യങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞത്. ഇതോടെ ഗ്രീനും നിരാശനായി. എന്നാൽ ഏറെ നേരത്തെ പരിശോധനകൾക്കൊടുവിൽ തേർഡ് അമ്പയർ അത് ഔട്ടായി വിധിക്കുകയായിരുന്നു. അമ്പയറിന്‍റെ തീരുമാനത്തിൽ ഏറെ നിരാശനായി ഗിൽ മടങ്ങിയപ്പോൾ വിക്കറ്റ് ലഭിച്ചതിന്‍റെ അത്‌ഭുതത്തിലായിരുന്നു ഗ്രീൻ.
ഗില്ലിന്‍റെ വിക്കറ്റ് ഗാലറിയിലുണ്ടായിരുന്ന കാണികൾക്കും വിശ്വസിക്കാനായില്ല. അവരിൽ ഒരു വിഭാഗം ഗ്രീനിന് നേരെ 'ചീറ്റർ' എന്ന് വിളിച്ച് പറയുന്നുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ക്യാച്ചിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ആരാധകർ തമ്മിൽ പോരടിച്ചത്. പന്ത് മൈതാനത്ത് തട്ടി എന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്.