ഓവൽ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയ ലക്ഷ്യത്തിലേക്കെത്താൻ ഇന്ത്യ പൊരുതുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇനി ഒരു ദിനവും ഏഴ് വിക്കറ്റുകളും കയ്യിലിരിക്കെ 280 റണ്‍സാണ് ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത്. നിലവിൽ വിരാട് കോലി (44), അജിങ്ക്യ രഹാനെ (20) എന്നിവരാണ് ക്രീസിൽ.
ഓസ്‌ട്രേലിയ മുന്നിൽ വച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും ഏകദിന ശൈലിയിലുള്ള തുടക്കമാണ് സമ്മാനിച്ചത്. ഏഴ് ഓവറിൽ തന്നെ ഇരുവരും ചേർന്ന് ടീം സ്‌കോർ 41ൽ എത്തിച്ചിരുന്നു. എന്നാൽ എട്ടാം ഓവർ എറിയാനെത്തിയ സ്‌കോട്ട് ബോളണ്ട് ഇന്ത്യയെ ഞെട്ടിച്ച് കൊണ്ട് ആദ്യ വിക്കറ്റ് നേടി. ശുഭ്‌മാൻ ഗില്ലായിരുന്നു പുറത്തായത്.
ബോളണ്ടിന്‍റെ പന്തിൽ സ്ലിപ്പ് ഫീൽഡിൽ കാമറൂണ്‍ ഗ്രീനിന്‍റെ വിവാദ ക്യാച്ചിലൂടെയാണ് ഗിൽ പുറത്തായത്. തേർഡ് അമ്പയറിന്‍റെ പരിശോധനയിൽ പന്ത് മൈതാനത്ത് തട്ടി എന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. 19 പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 18 റണ്‍സ് നേടിയാണ് ഗിൽ മടങ്ങിയത്.
തുടർന്ന് ക്രീസിലെത്തിയ ചേതേശ്വർ പുജാരയെ കൂട്ടുപിടിച്ച് രോഹിത് ശർമ സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 92ൽ നിൽക്കെ രോഹിതിനെയും ഇന്ത്യക്ക് നഷ്‌ടമായി. 60 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത താരം നഥാൻ ലിയോണിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ ചേതേശ്വർ പുജാരയും മടങ്ങി.